കള്ളപ്പണം വെളുപ്പിക്കല് കേസില് ആം ആദ്മി പാര്ട്ടി നേതാവും മുന് മന്ത്രിയുമായ സത്യേന്ദ്ര ജെയിന് ഡല്ഹി റൗസ് അവന്യൂ കോടതി ജാമ്യം അനുവദിച്ചു. രണ്ട് വര്ഷത്തിന് ശേഷമാണ് അദ്ദേഹം ജയില് മോചിതനാകുന്നത്. 5000 രൂപയുടെ രണ്ട് ആള്ജാമ്യത്തിലാണ് ജെയിന് ജാമ്യം ലഭിച്ചത്.
വിചാരണയിലെ കാലതാമസവും നീണ്ടനാളത്തെ ജയില്വാസവും കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിച്ചത്. എന്നാല് ജാമ്യാപേക്ഷയെ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയില് എതിര്ത്തു. സത്യേന്ദ്ര ജെയിന് ജാമ്യം അനുവദിച്ചാല് അത് കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്ന് ഇഡി ചൂണ്ടിക്കാട്ടിയെങ്കിലും കോടതി ഈ വാദം അംഗീകരിച്ചില്ല.
2022 മെയ് 30നായിരുന്നു സത്യേന്ദ്ര ജെയിനെ ഇഡി അറസ്റ്റ് ചെയ്തത്. ജെയിനുമായി ബന്ധപ്പെട്ട് നാല് കമ്പനികളില് സാമ്പത്തിക തിരിമറി നടത്തിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഈ കേസില് രണ്ട് വര്ഷത്തോളം ജയിലില് കഴിഞ്ഞ ശേഷമാണ് ഇപ്പോള് ജെയിന് ജാമ്യം ലഭിച്ചിരിക്കുന്നത്.
Story Highlights: AAP leader Satyendar Jain granted bail in money laundering case after two years