ലോകത്തെ ദാരിദ്ര്യത്തിന്റെ ഭീകരമായ ചിത്രമാണ് ഐക്യരാഷ്ട്ര സംഘടനയുടെ പുതിയ റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. 110 കോടി മനുഷ്യർ മുഴുപ്പട്ടിണിയിലും അതിദാരിദ്ര്യത്തിലുമാണെന്ന് യുഎൻ ഗ്ലോബൽ മൾട്ടിഡയമെൻഷണൽ പോവർട്ടി ഇൻഡക്സ് വ്യക്തമാക്കുന്നു. ഇതിൽ ഇന്ത്യയാണ് മുന്നിൽ നിൽക്കുന്നത്, 23.4 കോടി പേർ മുഴുപ്പട്ടിണിയിൽ കഴിയുന്നു.
പാക്കിസ്ഥാൻ, എത്യോപ്യ, നൈജീരിയ, കോംഗോ എന്നീ രാജ്യങ്ങളിലും ദാരിദ്ര്യം രൂക്ഷമാണ്. ഈ അഞ്ച് രാജ്യങ്ങളിൽ നിന്നാണ് ആകെയുള്ള ദരിദ്ര ജനതയുടെ പാതിയും വരുന്നത്. ഇതിൽ 58 കോടി പേർ 18 വയസിൽ താഴെ പ്രായമുള്ളവരാണ്. കൂടാതെ, രണ്ടാം ലോകമഹായുദ്ധ കാലത്തേക്കാൾ കൂടുതലായി 117 ദശലക്ഷം ജനത്തിന് വാസസ്ഥലമില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
സംഘർഷ ബാധിത മേഖലകളിലാണ് കൊടും പട്ടിണിയിൽ കഴിയുന്ന 40 ശതമാനം ജനങ്ങളും ഉള്ളത്. 21.8 കോടി പേർ സജീവ യുദ്ധ മേഖലയിലും 33.5 കോടി പേർ സംഘർഷ ബാധിത മേഖലയിലും 375 പേർ പ്രശ്ന ബാധിത മേഖലയിലുമാണ് കഴിയുന്നത്. ഗാസയിൽ മാത്രം 83 ശതമാനം ജനങ്ങളും അഭയാർത്ഥികളാക്കപ്പെട്ടുവെന്നും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. 2010 മുതൽ നടത്തിവരുന്ന ഈ സർവേയിൽ 112 രാജ്യങ്ങളിൽ നിന്നുള്ള 630 കോടി മനുഷ്യരുടെ സാഹചര്യങ്ങളാണ് വിലയിരുത്തിയത്. വാസസ്ഥലം, ശൗചാലയം, വൈദ്യുതി, പാചക വാതകം, പോഷകാഹാരം, വിദ്യാഭ്യാസ സൗകര്യങ്ങൾ തുടങ്ങിയവയെല്ലാം പരിഗണിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
Story Highlights: UN report reveals over 1.1 billion people living in acute poverty worldwide, with India leading followed by Pakistan