പശ്ചിമ ബംഗാളിലെ ഇടത് സഖ്യത്തിൽ കോൺഗ്രസ് പുനരാലോചന നടത്തുകയാണ്. പുതുതായി ചുമതലയേറ്റ പിസിസി അധ്യക്ഷൻ ശുഭാങ്കർ സർക്കാർ, സിപിഎമ്മുമായുള്ള സഹകരണം തുടരണോ എന്ന കാര്യത്തിൽ ഡിസിസി പ്രസിഡന്റുമാരുടെ അഭിപ്രായം തേടിയിരിക്കുകയാണ്. താഴേത്തട്ടിലെ അഭിപ്രായവും യാഥാർത്ഥ്യവും അറിഞ്ഞ ശേഷമേ ഇനി ഇക്കാര്യത്തിൽ മുന്നോട്ട് പോകൂവെന്ന് അദ്ദേഹം വ്യക്തമാക്കി.
സിപിഎ കേന്ദ്ര കമ്മിറ്റിയംഗം സുജൻ ചക്രബർത്തി പറഞ്ഞതനുസരിച്ച്, പാർട്ടി നയം ബിജെപി വിരുദ്ധ ചേരിയെ ശക്തിപ്പെടുത്തുകയാണ്. ബംഗാളിൽ തൃണമൂലിനും ബിജെപിക്കുമെതിരെ രാഷ്ട്രീയ ചേരിയെ ബലപ്പെടുത്തലാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎമ്മുമായി സഖ്യം തുടരുന്നതിൽ പാർട്ടിയിലെ കീഴ്ഘടകങ്ങളോട് അഭിപ്രായം തേടുകയെന്നത് പുതിയ പിസിസി അധ്യക്ഷന്റെ ചുമതലയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നവംബർ 13 ന് സംസ്ഥാനത്ത് ആറ് മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. 2021-ലെ തെരഞ്ഞെടുപ്പിൽ അഞ്ചിടത്ത് തൃണമൂലും ഒരിടത്ത് ബിജെപിയും ജയിച്ചിരുന്നു. കോൺഗ്രസും സി.പി.എമ്മും സഖ്യമായി മത്സരിച്ചെങ്കിലും എല്ലായിടത്തും തോറ്റു. ബിജെപിക്കെതിരായ വിശാല പ്രതിപക്ഷ ചേരിയിൽ സി.പി.എമ്മും കോൺഗ്രസും തൃണമൂൽ കോൺഗ്രസും അംഗങ്ങളാണെങ്കിലും ബംഗാളിൽ തൃണമൂൽ വിരുദ്ധ നിലപാടാണ് കോൺഗ്രസിനും സി.പി.എമ്മിനും ഇതുവരെ ഉണ്ടായിരുന്നത്.
Story Highlights: New WPCC president seeks feedback from DCC heads before renewing alliance with Left in West Bengal