സി.പി.ഐ.എമ്മിന്റെ ഉപതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പ്രഖ്യാപനം ശനിയാഴ്ച നടക്കും. സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ചേർന്ന് സ്ഥാനാർത്ഥികളെ നിശ്ചയിക്കുകയും അന്നുതന്നെ പ്രഖ്യാപിക്കുകയും ചെയ്യും. വയനാട് ലോക്സഭാ സീറ്റിലെ സിപിഐ സ്ഥാനാർത്ഥിയെ നാളെ തീരുമാനിക്കും. രാവിലെ ചേരുന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ് സ്ഥാനാർത്ഥിയെ സംബന്ധിച്ച് ധാരണയിലെത്തും. ഉച്ചയ്ക്ക് ശേഷം സംസ്ഥാന കൗൺസിൽ യോഗം ചേർന്ന് സ്ഥാനാർത്ഥിയെ തീരുമാനിച്ച് പ്രഖ്യാപിക്കും.
പ്രചാരണ പരിപാടി ആലോചിക്കാൻ 21ന് എൽഡിഎഫ് യോഗം വിളിച്ചിട്ടുണ്ട്. അതേസമയം, പാലക്കാട് മണ്ഡലത്തിൽ പി സരിനെ സിപിഎം സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാനുള്ള ആലോചന മുറുകുകയാണ്. നേരത്തെ, മുതിർന്ന നേതാവ് എ.കെ.ബാലൻ അടക്കമുള്ളവർ സരിനോട് ആശയവിനിമയം നടത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
സരിൻ നിലപാട് വ്യക്തമാക്കിയാൽ അന്തിമ തീരുമാനത്തിലേക്ക് കടക്കുമെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ്ബാബു പ്രതികരിച്ചിട്ടുണ്ട്. തുടർച്ചയായി മൂന്നാം സ്ഥാനത്തേക്ക് പോയ്കൊണ്ടിരിക്കുന്ന പാലക്കാട് മണ്ഡലത്തിൽ അപ്രതീക്ഷിതമായി കൈവന്ന രാഷ്ട്രീയാവസരമായാണ് സി.പി.ഐ.എം ഡോ.പി.സരിന്റെ വിമതനീക്കത്തെ കാണുന്നത്.
Story Highlights: CPI(M) to announce by-election candidates on Saturday, CPI to decide Wayanad candidate on Friday