കഴിഞ്ഞ 48 മണിക്കൂറിനിടെ ഇന്ത്യയിലെ വിവിധ വിമാനങ്ങൾക്ക് തുടർച്ചയായി ബോംബ് ഭീഷണി ഉണ്ടായി. ഏറ്റവും ഒടുവിൽ ആകാശ എയർ, ഇൻഡിഗോ കമ്പനികളുടെ വിമാനങ്ങളാണ് യാത്രക്കിടെ ഭീഷണി നേരിട്ടത്. ഡൽഹിയിൽനിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ആകാശ എയർ വിമാനം ഡൽഹിയിലേക്കും, മുംബൈയിൽനിന്ന് ഡൽഹിയിലേക്ക് പറന്ന ഇൻഡിഗോ വിമാനം അഹമ്മദാബാദിലേക്കും തിരിച്ചിറക്കി.
എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, സ്പൈസ് ജെറ്റ്, ആകാശ എയർ, ഇൻഡിഗോ, അലയൻസ് എയർ എന്നിവയുൾപ്പെടെയുള്ള വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. തിങ്കളാഴ്ചയും രണ്ട് ഇൻഡിഗോ വിമാനങ്ങൾക്കും ഒരു എയർ ഇന്ത്യ വിമാനത്തിനും വ്യാജഭീഷണി സന്ദേശം ലഭിച്ചിരുന്നു. എന്നാൽ, ഇതുവരെ ലഭ്യമായ മുഴുവൻ സന്ദേശങ്ങളും വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ബോംബ് ഭീഷണിയെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യോമയാന മന്ത്രാലയത്തിൽനിന്ന് റിപ്പോർട്ട് തേടി. വ്യോമയാന മന്ത്രി രാം മോഹൻ നായിഡുവും മന്ത്രാലയ ഉദ്യോഗസ്ഥരും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും യോഗം ചേർന്നു. സംഭവത്തിൽ നിർണായക വിവരം ലഭിച്ചതായും പ്രതികളെന്ന് സംശയിക്കുന്നവരെ തിരിച്ചറിഞ്ഞതായും വ്യോമയാന ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു റിപ്പോർട്ടുണ്ട്.
Story Highlights: Multiple Indian flights receive fake bomb threats within 48 hours, causing diversions and emergency landings