ഡിഎംകെ കേരള ഘടകം പിവി അൻവർ എംഎൽഎയ്ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ്. അൻവറിനെ ഡിഎംകെ കേരള ഘടകം അംഗീകരിക്കുന്നില്ലെന്ന് ഭാരവാഹികളായ നൗഷാദ് വയനാട്, മൂന്നാർ മോഹൻദാസ്, ആസിഫ് എന്നിവർ വ്യക്തമാക്കി. അൻവറുമായി പാർട്ടി നേതൃത്വം യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്നും യാതൊരു ബന്ധവുമില്ലെന്നും പാർട്ടിയുടെ പേരും പതാകയും ദുരുപയോഗം ചെയ്യുന്നതായും പാർട്ടി പരാതി ഉന്നയിച്ചിട്ടുണ്ട്.
എന്നാൽ, തന്നെ സഖ്യകക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് പി വി അന്വര് ഡിഎംകെ കേരള ഘടകത്തെ സമീപിച്ചിരുന്നു. എന്നാൽ കേരളത്തിലും തമിഴ്നാട്ടിലും ദേശീയ തലത്തിലും സിപിഎം ഡിഎംകെയുടെ സഖ്യകക്ഷിയാണെന്നും, അത്തരം ഒരു പാര്ട്ടിയുടെ വിമതനെ സഖ്യകക്ഷിയായി ഉള്പ്പെടുത്താന് സാധിക്കില്ലെന്നും ഡിഎംകെ വക്താവ് ടി കെ എസ് ഇളങ്കോവന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്നാണ് ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ) എന്ന പേരിൽ പുതിയ സംഘടന രൂപീകരിക്കുന്ന കാര്യം അൻവർ പ്രഖ്യാപിച്ചത്.
ഇതൊരു രാഷട്രീയ പാര്ട്ടിയല്ല, സോഷ്യല് മൂവ്മെന്റ് മാത്രമാണെന്ന് അൻവർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ഡിഎംകെയില് ചേരുന്നതിനെക്കുറിച്ചുള്ള ചര്ച്ച സംബന്ധിച്ച വാര്ത്തകള് ഡിഎംകെ എന്ആര്ഐ വിഭാഗം സെക്രട്ടറിയും രാജ്യസഭാ എംപിയുമായ പുതുഗൈ എംഎം അബ്ദുള്ളയും നിഷേധിച്ചിരുന്നു. അന്വറും താനും ദീര്ഘകാല സുഹൃത്തുക്കളാണെന്നും തങ്ങള് തമ്മിലുള്ള കൂടിക്കാഴ്ച സൗഹൃദപരമായിരുന്നു എന്നും പുതുഗൈ അബ്ദുള്ള പറഞ്ഞിരുന്നു.
Story Highlights: DMK Kerala unit prepares legal action against PV Anwar MLA for unauthorized use of party name and flag