കണ്ണൂരിൽ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങൾ ശക്തമാകുന്നു. കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. യൂത്ത് കോൺഗ്രസും യുവമോർച്ചയും ആരോപണ വിധേയയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ വീട്ടിലേക്ക് മാർച്ച് നടത്തും.
റവന്യൂ വകുപ്പ് ജീവനക്കാർ സംസ്ഥാന വ്യാപകമായി അവധിയെടുത്ത് പ്രതിഷേധിക്കും. കോൺഗ്രസും ബിജെപിയും മലയാലപ്പുഴ പഞ്ചായത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം.
നവീൻ ബാബുവിന്റെ മൃതദേഹം ഇന്ന് ഉച്ചയോടെ പത്തനംതിട്ടയിൽ എത്തിക്കും. നാളെ പത്തനംതിട്ട കളക്ട്രേറ്റിൽ പൊതുദർശനത്തിന് വയ്ക്കുകയും തുടർന്ന് വീട്ടുവളപ്പിൽ സംസ്കാരം നടത്തുകയും ചെയ്യും. നാട്ടിലേക്ക് ട്രാൻസ്ഫറായി മടങ്ങാനിരിക്കെയാണ് നവീനെ കണ്ണൂരിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. യാത്രയയപ്പ് ചടങ്ങിൽ പി പി ദിവ്യ നവീനെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് സംഭവം നടന്നത്.
Story Highlights: Protests intensify in Kannur over ADM Naveen Babu’s death, demanding action against culprits