കേരള ഖരമാലിന്യ പരിപാലനപദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ബയോമൈനിങ് പ്രവർത്തനത്തിന്റെ തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി ലോകബാങ്ക് ടെക്നിക്കൽ മിഷൻ കൂട്ടുപാത ബയോമൈനിങ് സൈറ്റ് സന്ദർശിച്ചു. വർഷങ്ങളായി കെട്ടിക്കിടക്കുന്ന ഒരുലക്ഷം ടൺ ലഗസി വേസ്റ്റ് എട്ടുമാസത്തിനുള്ളിൽ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള പ്രവർത്തിയുടെ കരാർ നാഗ്പൂർ ആസ്ഥാനമായുള്ള എസ്.എം.എസ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് നൽകിയിരിക്കുന്നത്. ബയോമൈനിങ് നടത്തുന്നതിനായി കൂട്ടുപാതയിൽ ഒരുക്കിയിട്ടുള്ള സൗകര്യങ്ങളിൽ ലോക ബാങ്ക് പ്രതിനിധികൾ തൃപ്തി രേഖപ്പെടുത്തി.
ലോകബാങ്ക്, ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻ്റ് ബാങ്ക്, കേരള സർക്കാർ എന്നിവയുടെ സംയോജിത ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി പ്രവർത്തനം 2025 മെയ് മാസത്തോടുകൂടി പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഴക്കാലത്ത് പ്രവർത്തി സാധ്യമല്ല. ലോകബാങ്ക് ടീം ലീഡർ സ്യൂ ജെറി ചെൻ, ടെക്നിക്കൽ എക്സ്പെർട്ട് ശ്രീമതി പൂനം ആലുവാലിയ, കെ. എസ്. ഡബ്ലിയു. എം. പി. ഡെപ്യൂട്ടി ഡയറക്ടർ ശ്രീ. സുബോധ് എസ്, നഗരസഭ ചെയർപേഴ്സൺ ശ്രീമതി. പ്രമീള ശശിധരൻ, ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ശ്രീ. സ്മിതേഷ് പി എന്നിവരും പദ്ധതിയുടെ സംസ്ഥാന ജില്ലാ തലങ്ങളിലെ നിർവഹണ ഉദ്യോഗസ്ഥരും സന്ദർശനത്തിൽ പങ്കെടുത്തു.
ബയോമൈനിങ് എന്നത് വർഷങ്ങളായി കുന്നുകൂട്ടിയിട്ടുള്ള മാലിന്യം മണ്ണിൽ നിന്ന് പുറത്തെടുത്ത് അവിടെത്തന്നെ നിരത്തിയിടുന്ന പ്രക്രിയയാണ്. വായുസഞ്ചാരമുണ്ടാക്കി സൂക്ഷ്മാണുക്കളെ കടത്തിവിട്ട് കമ്പോസ്റ്റിങ് വേഗത്തിലാക്കും. ഇതിലൂടെ മാലിന്യത്തിലെ ജലാംശം കുറയുകയും തരംതിരിക്കൽ എളുപ്പമാവുകയും ചെയ്യും. പിന്നീട് ഇവ ഇവിടെ വച്ചുതന്നെ ജൈവ അജൈവ മാലിന്യങ്ങളായി വേർതിരിക്കും. വേർതിരിച്ച ജൈവമാലിന്യങ്ങൾ വളമായും കാർഷിക ആവശ്യങ്ങൾക്കും ഉപയോഗിക്കാം. പ്ലാസ്റ്റിക് ഉൾപ്പടെയുള്ള അജൈവമാലിന്യങ്ങൾ റീസൈക്കിൾ ചെയ്യും. കേന്ദ്ര മലിനീകരണ നിയന്ത്രണബോർഡിൻ്റെ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും ബയോമൈനിങ് പ്രവർത്തനങ്ങൾ നടത്തുക.
Story Highlights: World Bank technical mission visits Kerala’s biomining site to assess waste management project preparations