ചേലക്കരയിൽ കടുത്ത പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. കോൺഗ്രസിന്റെ കുത്തക മണ്ഡലമായിരുന്ന ചേലക്കര 1996-ൽ കെ രാധാകൃഷ്ണനിലൂടെ ഇടതുപക്ഷത്തേക്ക് ചാഞ്ഞു. പിന്നീട് രാധാകൃഷ്ണൻ ചേലക്കരക്കാരുടെ രാധേട്ടനായപ്പോൾ മണ്ഡലം ഇടതു കോട്ടയായി മാറി. 2016-ൽ രാധാകൃഷ്ണന് പകരക്കാരനായി യു ആർ പ്രദീപ് കളത്തിലിറങ്ങി.
ഇപ്പോൾ വീണ്ടും ഒരു തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ യു ആർ പ്രദീപിലൂടെ മണ്ഡലം നിലനിർത്താമെന്നാണ് സിപിഐഎം കണക്കുകൂട്ടൽ. എന്നാൽ രമ്യാ ഹരിദാസിലൂടെ മണ്ഡലം തിരികെ പിടിക്കാനാണ് കോൺഗ്രസ് നീക്കം. ആലത്തൂരിലെ തോൽവിയിലുള്ള സഹതാപ തരംഗവും സർക്കാർ വിരുദ്ധ വികാരവും വോട്ടായി മാറുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ ആലത്തൂരിലുണ്ടാക്കിയ മുന്നേറ്റത്തിന്റെ കരുത്തിലാണ് ബിജെപി ചേലക്കരയിൽ ഇറങ്ങുന്നത്. പ്രാദേശികമായി സ്വാധീനമുള്ള കെ ബാലകൃഷ്ണനിലൂടെ കടുത്ത മത്സരം സൃഷ്ടിക്കാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ത്രികോണ മത്സരമാണ് ബിജെപിയുടെ ലക്ഷ്യം. കൂട്ടിയും കിഴിച്ചുമുള്ള രാഷ്ട്രീയ തന്ത്രങ്ങൾ ചേലക്കരയുടെ അണിയറയിൽ ഒരുങ്ങുകയാണ്.
Story Highlights: Intense political battle brewing in Chelakkara by-election with LDF, UDF, and BJP fielding strong candidates