നിജ്ജര് കൊലപാതകത്തില് ഇന്ത്യക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി കാനഡ രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യ അന്വേഷണവുമായി സഹകരിക്കണമെന്നും, തെളിവുകള് കൈമാറിയിട്ടുണ്ടെന്നും കനേഡിയന് പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ വ്യക്തമാക്കി. കനേഡിയന് പൗരന്മാരുടെ സുരക്ഷ പരമ പ്രധാനമാണെന്നും, കാനഡയുടെ മണ്ണില് വിദേശ ശക്തികളുടെ ഇടപെടല് അനുവദിക്കില്ലെന്നും അദ്ദേഹം പ്രസ്താവിച്ചു.
കാനഡയിലുണ്ടായ കൊലപാതകത്തിലും ക്രിമിനല് പ്രവര്ത്തനങ്ങളിലും ഇന്ത്യന് സര്ക്കാരിന് പങ്കുണ്ടെന്ന് കാനഡ ആവര്ത്തിക്കുന്നു. ഖാലിസ്ഥാന് അനുകൂലരെ ഇന്ത്യ ഗവണ്മന്റ് ക്രിമിനല് ഗ്രൂപ്പുകളെ ഉപയോഗിച്ച് ലക്ഷ്യം വെയ്ക്കുന്നുവെന്നാണ് കാനഡയുടെ ആരോപണം. കുറ്റകൃത്യങ്ങളില് അധോലോക നായകന് ലോറന്സ് ബിഷ്ണോയി ഗ്രൂപ്പിന് പങ്കുണ്ടെന്നും, ഈ ഗ്രൂപ്പിന് ഇന്ത്യന് സര്ക്കാരിന്റെ പിന്തുണയുണ്ടെന്നും കനേഡിയന് പൊലീസ് ആരോപിച്ചു.
നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെ കാനഡയ്ക്കെതിരെ ഇന്ത്യ കടുത്ത നടപടി സ്വീകരിച്ചു. ആറ് കനേഡിയന് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കാന് ഇന്ത്യ തീരുമാനിച്ചു. ശനിയാഴ്ച രാത്രി 11:59ന് മുന്പ് ഇന്ത്യ വിടാന് നിര്ദ്ദേശം നല്കി. ഇന്ത്യയുടെ നടപടിക്ക് പ്രതികാരമായി ഇന്ത്യന് നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡയും പുറത്താക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല് വഷളാകുന്നതിന്റെ സൂചനയാണ് ഈ നടപടികള്.
Story Highlights: Canada alleges India’s involvement in Nijjar murder, demands cooperation in investigation