മുഖ്യമന്ത്രി പിണറായി വിജയന്റെ മലപ്പുറം പരാമർശത്തെ തുടർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വീണ്ടും വിമർശനങ്ങൾ ഉന്നയിച്ചു. സ്വർണക്കടത്ത് രാജ്യത്തിനെതിരായ കുറ്റകൃത്യമാണെന്ന് മുഖ്യമന്ത്രി തന്ന കത്തിൽ പറയുന്നുണ്ടെന്നും ഇത്തരം ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടന്നാൽ തന്നെ അറിയിക്കേണ്ടത് സർക്കാരിന്റെ ചുമതലയാണെന്നും ഗവർണർ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി എന്തോ ഒളിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നും ഇത് ഗൗരവതരമായ വിഷയമാണെന്നും രാഷ്ട്രപതിക്ക് റിപ്പോർട്ട് ചെയ്യുമെന്നും ഗവർണർ നിലപാട് കടുപ്പിച്ചു.
സംസ്ഥാന ചീഫ് സെക്രട്ടറിക്കും പൊലീസ് മേധാവിക്കും ഗവർണർ പരസ്യമായി രാജ്ഭവനിൽ വിലക്കേർപ്പെടുത്തിയത് ശ്രദ്ധേയമാണ്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം അല്ലാതെ ഉദ്യോഗസ്ഥർ രാജ്ഭവനിലേക്ക് വരേണ്ടെന്ന് ഗവർണർ പറഞ്ഞു. നിരന്തരം രാജ്ഭവനിൽ വന്നുകൊണ്ടിരുന്നവർ താൻ ആവശ്യപ്പെട്ടിട്ടും വരുന്നില്ലെന്നും ഗവർണർ കുറ്റപ്പെടുത്തി.
സർക്കാർ കത്ത് പരസ്യമാക്കിയാണ് വീണ്ടും മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തിയത്. കേരളത്തിലെ ക്രമസമാധാനം സാധാരണ നിലയിൽ അല്ലെന്നും രാഷ്ട്രപതിയെ വിവരങ്ങൾ അറിയിക്കുമെന്നും ഗവർണർ പറഞ്ഞു. സ്വർണക്കടത്ത് വിഷയത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണത്തിൽ ഗവർണർ അതൃപ്തി പ്രകടിപ്പിച്ചു. മുഖ്യമന്ത്രി തന്ന കത്ത് പരസ്പര വിരുദ്ധമാണെന്നും 27 ദിവസങ്ങളാണ് സർക്കാർ രാജ്ഭവന്റെ കത്ത് ഗൗനിക്കാതിരുന്നതെന്നും ഗവർണർ ചൂണ്ടിക്കാട്ടി.
Story Highlights: Governor criticizes CM Pinarayi Vijayan over gold smuggling cases in Kerala, threatens to report to President