വികസന വെല്ലുവിളികള് നേരിടുന്ന കുട്ടികളെ അങ്കണവാടികളില് പ്രവേശിപ്പിക്കുന്നതിന് വനിത ശിശുവികസന വകുപ്പ് അനുമതി നല്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് അറിയിച്ചു. 2 മുതല് 3 വയസ്സ് വരെയുള്ള കുട്ടികളെയാണ് ചികിത്സയോടൊപ്പം അങ്കണവാടികളില് പ്രവേശിപ്പിക്കുന്നത്. ഇത് അവരുടെ സാമൂഹിക മാനസിക വികസനത്തിന് വളരെ പ്രയോജനകരമാകുമെന്ന് ചൈല്ഡ് ഡെവലപ്മെന്റ് സെന്റര് ഉള്പ്പെടെയുള്ള സ്ഥാപനങ്ങള് കണ്ടെത്തിയിരുന്നു.
ഓട്ടിസം, സംസാര-ഭാഷാ വികസന പ്രശ്നങ്ങള് തുടങ്ങിയ വെല്ലുവിളികള് നേരിടുന്ന കുട്ടികളെ നേരത്തെ കണ്ടെത്തി ഇടപെടലുകള് നടത്തുന്നത് അത്യന്താപേക്ഷിതമാണ്. ഇത്തരം കുട്ടികളെ സാധാരണ കുട്ടികളോടൊപ്പം സമയം ചെലവഴിക്കാന് അനുവദിക്കുന്നത് അവരുടെ കഴിവുകള് വികസിപ്പിക്കാന് സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സിഡിപിഒമാര്ക്കും സുപ്പര്വൈസര്മാര്ക്കും ഭിന്നശേഷികള് നേരത്തെ കണ്ടെത്തുന്നതിനുള്ള പരിശീലനം നല്കിയിട്ടുണ്ട്.
അങ്കണവാടികളില് ആവശ്യമായ അടിസ്ഥാന സൗകര്യവും ജീവനക്കാര്ക്ക് പരിശീലനവും ഉറപ്പാക്കിയാണ് കുട്ടികളെ പ്രവേശിപ്പിക്കുന്നത്. ദിവസവും രണ്ടോ മൂന്നോ മണിക്കൂര് അങ്കണവാടികളില് ചെലവഴിച്ചാല് മതിയാകും. ആവശ്യമെങ്കില്‍ കുട്ടികളുടെ സംരക്ഷകരെയും അവിടെ നില്ക്കാന് അനുവദിക്കും. സിഡിസി, ഡിഇഐസി, നിഷ് തുടങ്ങിയ സ്ഥാപനങ്ങളില് നിന്നും ചികിത്സ ലഭിക്കുന്ന കുട്ടികള്ക്ക് അങ്കണവാടികളില് നിന്നും സാധാരണ ലഭ്യമാകുന്ന സേവനങ്ങള് കൂടി നല്കുന്നത് അവരുടെ സമഗ്ര വികസനത്തിന് സഹായകമാകും.
Story Highlights: Kerala government allows children with developmental challenges to attend Anganwadis alongside treatment