കണ്ണൂരിൽ സിബിഐ ഓഫീസർ ചമഞ്ഞ് പ്രവാസിയിൽനിന്ന് 12.91 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. ആലപ്പുഴ സ്വദേശി ഇർഫാൻ ഇഖ്ബാൽ (23), തൃശ്ശൂർ സ്വദേശി ജിതിൻ ദാസ് (20) എന്നിവരെയാണ് എറണാകുളത്തുവെച്ച് ടൗൺ പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കോടതി ഇവരെ പൊലീസ് റിമാൻഡിൽ വിട്ടു.
കണ്ണൂർ ചാലാട് സ്വദേശിയായ പ്രവാസിയെയാണ് പ്രതികൾ കബളിപ്പിച്ചത്. സിബിഐ ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട് പ്രവാസിയെ ബന്ധപ്പെട്ട പ്രതികൾ, പൊലീസ് ഓഫീസറുടെ വേഷത്തിൽ വീഡിയോ കോളിൽ എത്തി. വെർച്വൽ അറസ്റ്റ് ഒഴിവാക്കാൻ പണം നൽകണമെന്ന് ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഓഗസ്റ്റ് 6 മുതൽ 8 വരെയുള്ള ദിവസങ്ങളിൽ പ്രവാസി തന്റെ ബാങ്ക് അക്കൗണ്ട് വഴി പണം അയച്ചുകൊടുത്തു. പണം ലഭിച്ചതോടെ പ്രതികൾ ഫോൺ ഓഫാക്കി മുങ്ങി.
അറസ്റ്റിലായ പ്രതികൾ വെറും കണ്ണികൾ മാത്രമാണെന്നും ഇവർക്ക് പിന്നിൽ വൻ റാക്കറ്റ് ഉണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഇർഫാൻ ഇഖ്ബാലാണ് പ്രധാന കണ്ണിയെന്നും ജിതിൻ ദാസാണ് ബാങ്ക് അക്കൗണ്ട് എടുത്തുകൊടുത്തതെന്നും അന്വേഷണത്തിൽ വ്യക്തമായി. ഒരുലക്ഷത്തിന് 1000 രൂപ കമ്മിഷനാണെന്ന് ജിതിൻ ദാസ് പൊലീസിനോട് വെളിപ്പെടുത്തി. കോടിക്കണക്കിന് രൂപയുടെ ഇടപാട് നടന്നിട്ടുണ്ടെന്ന് സംശയിക്കുന്നതായും പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും.
Story Highlights: Two arrested in Kannur for impersonating CBI officers and defrauding NRI of Rs 12.91 lakh