ടാറ്റ ഗ്രൂപ്പ് ഇന്ത്യക്കാരുടെ ജീവിതത്തിൽ സ്ഥിരം സാന്നിധ്യമാണ്. ഉരുക്കുമുതൽ ഉപ്പുവരെ നീളുന്ന ഈ വ്യവസായ സാമ്രാജ്യത്തെ വളർത്തി വലുതാക്കാൻ രത്തൻ ടാറ്റ തന്റെ ജീവിതം തന്നെ മാറ്റിവച്ചു. തകർന്നുപോയേക്കാമായിരുന്ന ഒരു ഗ്രൂപ്പിനെ എല്ലാ മേഖലയിലും പടർന്നുപന്തലിച്ച ബിസിനസ് സാമ്രാജ്യമാക്കി മാറ്റിയ ബുദ്ധിയുടെ പേരാണ് രത്തൻ ടാറ്റ.
ടാറ്റയുടെ അമരത്ത് വലിയ ശൂന്യത സൃഷ്ടിച്ചാണ് രത്തൻ ടാറ്റയുടെ മടക്കം. അദ്ദേഹത്തിന്റെ പിൻഗാമി ആരാകുമെന്ന ചർച്ചകൾ ഇപ്പോൾ തന്നെ ചൂടു പിടിച്ചിട്ടുണ്ട്. ലിയ ടാറ്റ, മായ ടാറ്റ, നെവിൽ ടാറ്റ എന്നിവരാണ് അടുത്ത പിൻഗാമികളുടെ പട്ടികയിൽ പരിഗണിക്കപ്പെടുന്നത്. ഇവർ മൂന്നുപേരും രത്തൻ ടാറ്റായുടെ അർദ്ധ സഹോദരൻ നോയൽ ടാറ്റയുടെയും ആലൂ മിസ്ത്രിയുടെയും മക്കളാണ്. ടാറ്റ സാമ്രാജ്യത്തിലൂടെ തന്നെ തങ്ങളുടെ വിജയവഴി വെട്ടിയവരാണ് ഇവർ.
നോയൽ ടാറ്റയുടെ മൂത്ത മകളായ ലിയ ടാറ്റ നിലവിൽ ടാറ്റ ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി വിഭാഗമായ ഇന്ത്യൻ ഹോട്ടൽസ് ആൻഡ് കമ്പനി ലിമിറ്റഡിൽ വൈസ് പ്രെസിഡന്റാണ്. മായ ടാറ്റ ടാറ്റയുടെ സൂപ്പർ ആപ്പ് ആയ ടാറ്റ ന്യൂ പുറത്തിറക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു. നെവിൽ ടാറ്റ റീറ്റെയ്ൽ ശൃംഖലയായ ട്രെന്റിലൂടെയാണ് തുടങ്ങിയത്. ടാറ്റ ട്രസ്റ്റുകൾക്ക് കീഴിലുള്ള സ്ഥാപനങ്ങളായ സർ ദോറാബ്ജി ടാറ്റ ട്രസ്റ്റിൻ്റെയും സർ രത്തൻ ടാറ്റ ട്രസ്റ്റിൻ്റെയും ട്രസ്റ്റിമാരായി മൂവരെയും നിയമിക്കാൻ രത്തൻ ടാറ്റ നേരത്തെ അംഗീകാരം നൽകിയിരുന്നു.
Story Highlights: Tata Group’s next generation leaders – Leah, Maya, and Neville Tata – emerge as potential successors to Ratan Tata.