നവകേരള സദസിലെ വിവാദ പ്രസ്താവനയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണത്തിന് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചത് രക്ഷാപ്രവർത്തനമാണെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. എറണാകുളം സെൻട്രൽ പൊലീസിനാണ് അന്വേഷിച്ച് റിപ്പോർട്ട് നൽകാനുള്ള നിർദേശം.
എറണാകുളം ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസിൻ്റെ ഹർജിയിലാണ് കോടതി നടപടി. കുറ്റകൃത്യത്തിന് പ്രേരണ നൽകുന്നതാണ് മുഖ്യമന്ത്രിയുടെ നടപടിയെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു. നവകേരള ബസിന് നേരെ കരിങ്കൊടി കാണിച്ചതിനാണ് യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സുധീഷിനെ ഉൾപ്പെടെ മർദ്ദിച്ചത്. സിപിഎം പ്രവർത്തകരും മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥരും ചേർന്ന് ഹെൽമറ്റും ചെടിച്ചട്ടിയും കൊണ്ട് അടിച്ചുവെന്നാണ് പരാതി.
സംഭവത്തിൽ വ്യത്യസ്ത പ്രതികരണങ്ങൾ ഉണ്ടായി. കരിങ്കൊടി കാണിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് എം വി ഗോവിന്ദൻ ആരോപിച്ചപ്പോൾ, സിപിഐഎം ആസൂത്രിത ആക്രമണം നടത്തിയെന്നും കൈകാര്യം ചെയ്യാനാണ് തീരുമാനമെങ്കിൽ തിരുവനന്തപുരം വരെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണുമെന്നും കെ സുധാകരനും വി ഡി സതീശനും പ്രതികരിച്ചു. സംഭവത്തിൽ 14 പേർ ഉൾപ്പെടെ കണ്ടാലറിയാവുന്ന ഇരുപതോളം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
Story Highlights: Ernakulam court orders inquiry against Kerala CM Pinarayi Vijayan over controversial statement on Youth Congress attack