ശ്രീഗുഫ്വാര-ബിജ്ബെഹറ മണ്ഡലത്തിൽ നിന്നുള്ള തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ പരാജയം സമ്മതിച്ച് പിഡിപി നേതാവ് മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തി രംഗത്തെത്തി. നാഷണൽ കോൺഫറൻസിൻ്റെ (എൻസി) ബഷീർ അഹമ്മദ് ഷാ വീരിയാണ് നിലവിൽ ഈ മണ്ഡലത്തിൽ ലീഡ് ചെയ്യുന്നത്. 4,330-ലധികം വോട്ടുകൾക്ക് പിന്നിലായതിന് പിന്നാലെയാണ് ഇൽതിജ മുഫ്തി പരാജയം സമ്മതിച്ചത്.
എക്സിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ഇൽതിജ മുഫ്തി ജനവിധി അംഗീകരിക്കുന്നതായി പ്രഖ്യാപിച്ചത്. ബിജ്ബെഹറയിലെ ജനങ്ങളിൽ നിന്നും ലഭിച്ച സ്നേഹവും വാത്സല്യവും എപ്പോഴും തന്നോടൊപ്പം നിലനിൽക്കുമെന്ന് അവർ കുറിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം കഠിനാധ്വാനം ചെയ്ത പിഡിപി പ്രവർത്തകർക്കും അവർ നന്ദി രേഖപ്പെടുത്തി.
മുഫ്തി കുടുംബത്തിൻ്റെ പരമ്പരാഗത കുടുംബ സീറ്റായി കണക്കാക്കപ്പെടുന്ന മണ്ഡലമാണ് അനന്ത്നാഗ് ജില്ലയിലെ ബിജ്ബെഹറ. 1999 മുതൽ 2018 വരെ പാർട്ടിയിലെ മുതിർന്ന നേതാവായ അബ്ദുൾ റഹ്മാൻ വീരിയാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. ഈ വർഷം അബ്ദുൾ റഹ്മാൻ വീരിയെ മാറ്റി പിഡിപി സ്ഥാനാർത്ഥിയായി ഇൽതിജ സീറ്റ് ഏറ്റെടുക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം ബഷീർ അഹമ്മദ് ഷാ വീരി 17,615 വോട്ടുകൾ നേടി മുന്നേറ്റം തുടരുകയാണ്. രണ്ടാം സ്ഥാനത്തുള്ള ഇൽതിജയ്ക്ക് 13,281 വോട്ടുകൾ നേടാൻ കഴിഞ്ഞിട്ടുണ്ട്.
Story Highlights: Iltija Mufti concedes defeat in Srigufwara-Bijbehara constituency, trailing by over 4,330 votes