ഹരിയാനയിലെ ജുലാന സീറ്റിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിൽ ഒളിംപ്യൻ വിനേഷ് ഫോഗട്ട് മുന്നിട്ടു നിൽക്കുന്നു. കോൺഗ്രസ് സ്ഥാനാർത്ഥിയായ വിനേഷിന്റെ എതിരാളി മുൻ ആർമി ക്യാപ്റ്റൻ യോഗേഷ് ബൈരാഗിയാണ്. പാരീസ് ഒളിംപിക്സിൽ മെഡൽ നഷ്ടത്തിന്റെ നിരാശയിൽ നിന്ന് മടങ്ങി വന്ന വിനേഷിനെ കോൺഗ്രസ് പാർട്ടിയിൽ ചേർത്ത് ജുലാനയിൽ മത്സരിപ്പിക്കുകയായിരുന്നു.
റെയിൽവേയിലെ ജോലി രാജിവച്ച ശേഷമാണ് വിനേഷ് കോൺഗ്രസിൽ ചേർന്നത്. പാരീസ് ഒളിംപിക്സ് ഗുസ്തിയിൽ ഫൈനലിലെത്തിയ വിനേഷ് അമിത ഭാരത്തിന്റെ പേരിൽ അയോഗ്യയാക്കപ്പെട്ടിരുന്നു. പിന്നീട് മടങ്ങിയെത്തിയ വിനേഷ് കോൺഗ്രസിൽ അംഗത്വമെടുത്തു. ബജ്രംഗ് പൂനിയയും കോൺഗ്രസിലെത്തി. തുടർന്നാണ് ജുലാനയിൽ വിനേഷിനെ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.
ഹരിയാനയിലെ കോൺഗ്രസിന്റെ മുന്നേറ്റത്തെ തുടർന്ന് എഐസിസി ആസ്ഥാനത്ത് പ്രവർത്തകർ ആഘോഷം തുടങ്ങി. ലഡു വിതരണം ചെയ്തും പതാകയുമായി നൃത്തം ചെയ്തും പ്രവർത്തകർ സന്തോഷം പ്രകടിപ്പിച്ചു. ഡൽഹിയിലും ഭൂപീന്ദർ സിങ് ഹൂഡയുടെ വസതിയിലും പ്രവർത്തകരുടെ ആഘോഷം ആരംഭിച്ചു. എന്നാൽ, ഹരിയാനയിലെ ബിജെപി ആസ്ഥാനം ശോകമൂകമായി ഒഴിഞ്ഞു കിടക്കുകയാണ്. മാധ്യമ പ്രവർത്തകർ മാത്രമാണ് അവിടെയുള്ളത്. ആദ്യ മണിക്കൂറിൽ തന്നെ കോൺഗ്രസ് വ്യക്തമായ ലീഡ് നേടി കേവല ഭൂരിപക്ഷം കടന്നു.
Story Highlights: Olympic wrestler Vinesh Phogat leads in early vote counting for Haryana’s Julana seat