കേരളത്തിൽ അടുത്ത അഞ്ചു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലും ഓറഞ്ച് അലർട്ടും മറ്റ് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
തെക്കൻ കേരളത്തിനു മുകളിൽ ചക്രവാത ചുഴി രൂപപ്പെട്ടിട്ടുണ്ട്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ മുതൽ ലക്ഷദ്വീപ് വരെ തെക്കൻ കേരളം, തെക്കൻ തമിഴ്നാട് വഴി ന്യൂന മർദ്ദ പാത്തി സ്ഥിതി ചെയ്യുന്നു. ബുധനാഴ്ചയോടെ ഈ ചക്രവാതചുഴി ലക്ഷദ്വീപിന് മുകളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.
മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കന്യാകുമാരി തീരത്ത് ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്.
Story Highlights: Kerala braces for heavy rainfall as IMD issues orange alert for multiple districts