മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കിയ കാസർഗോഡ് ജില്ലാ സെഷൻസ് കോടതി ഉത്തരവിലൂടെ സത്യം ജയിച്ചെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ പ്രതികരിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാഷ്ട്രീയ ശത്രുക്കളുടെ പകവീട്ടലിന് ഇരയാകുകയായിരുന്നുവെന്നും നീതിപീഠം അദ്ദേഹത്തിന് നീതി ഉറപ്പാക്കിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോടതി ഉത്തരവ് വ്യക്തിപരമായി അദ്ദേഹത്തിന് മാത്രമല്ല, ഭാരതീയ ജനതാപാര്ട്ടിക്കാകെ ഉണര്വേകുന്നതാണെന്നും വി. മുരളീധരൻ പറഞ്ഞു.
സത്യം ജയിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും പ്രതികരിച്ചു. കെട്ടിച്ചമച്ച കേസാണിതെന്നും ഒരു കേസിനെയും ഭയക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേസിന് പിന്നിൽ സിപിഐഎം-കോൺഗ്രസ്-ലീഗ് ഗൂഢാലോചനയാണെന്നും കള്ളകേസിൽ കുടുക്കി ബിജെപിയെ താറടിക്കാൻ ശ്രമിച്ചുവെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു. നേരിട്ട് ഹാജരാകണമെന്ന കോടതി നിർദ്ദേശപ്രകാരം കെ. സുരേന്ദ്രൻ ഉൾപ്പെടെ എല്ലാ പ്രതികളും കോടതിയിൽ ഹാജരായിരുന്നു.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്ത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്ത്ഥിത്വം പിന്വലിക്കാന് രണ്ടര ലക്ഷം രൂപയും സ്മാര്ട്ട് ഫോണും നല്കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു കേസ്. ബിജെപി സംസ്ഥാന അധ്യക്ഷന് കെ. സുരേന്ദ്രനായിരുന്നു കേസിലെ ഒന്നാം പ്രതി. ബിജെപി ജില്ലാ സെക്രട്ടറി കെ. മണികണ്ഠ റേ, സുരേഷ് നായ്ക്ക്, യുവമോര്ച്ച മുന് സംസ്ഥാന ട്രഷറര് സുനില് നായ്ക്ക്, ബിജെപി മുന് ജില്ലാ പ്രസിഡന്റ് കെ. ബാലകൃഷ്ണ ഷെട്ടി, ലോകേഷ് നോണ്ട എന്നിവരായിരുന്നു മറ്റ് പ്രതികൾ.
Story Highlights: BJP leaders acquitted in Manjeshwaram election bribery case, V Muraleedharan praises court verdict