പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് സിപിഐഎം കടക്കുന്നു. പ്രഖ്യാപനം വരുന്നതിനു മുമ്പേ തന്നെ സ്ഥാനാർഥികളുടെ പട്ടിക നൽകാൻ തൃശ്ശൂർ, പാലക്കാട് ജില്ലാ കമ്മിറ്റികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അടുത്താഴ്ച ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ സ്ഥാനാർഥികളെ തീരുമാനിക്കാനാണ് ആലോചന.
ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയിൽ നിന്ന് തിരിച്ചു വരാൻ ശക്തരായ സ്ഥാനാർഥികളെയാണ് സിപിഐഎം രണ്ടു മണ്ഡലങ്ങളിലും ആലോചിക്കുന്നത്. ചേലക്കര സിറ്റിംഗ് മണ്ഡലമാണെങ്കിലും കെ രാധാകൃഷ്ണനെ പോലെ ജനകീയനായ ഒരാളെ കണ്ടെത്തുക വെല്ലുവിളിയാണ്. മൂന്നാം സ്ഥാനത്തേക്ക് പോയ പാലക്കാട് പാർട്ടിക്ക് അഭിമാന പോരാട്ടമാണ്.
രണ്ടു മണ്ഡലങ്ങളിലും അനുയോജ്യരായ സ്ഥാനാർഥികളുടെ പേര് നിർദ്ദേശിക്കാനും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്ക് കടക്കാനും ജില്ലാ കമ്മിറ്റികളോട് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടുമാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നേക്കുമെന്നതിനാൽ, സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിച്ച് മുന്നേറ്റം ഉണ്ടാക്കാനാണ് ശ്രമം. കോൺഗ്രസിലും സ്ഥാനാർഥികളെ കുറിച്ച് ആലോചന തുടങ്ങിയതായി റിപ്പോർട്ടുകളുണ്ട്. ചേലക്കരയിൽ മത്സരിക്കാൻ രമ്യാ ഹരിദാസ് താൽപര്യം പ്രകടിപ്പിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മുന്നിലെത്തിയ ബിജെപിയും വലിയ പ്രതീക്ഷയിലാണ്.
Story Highlights: CPIM prepares for Palakkad and Chelakara by-elections, seeking strong candidates to recover from Lok Sabha defeat