ഛത്തീസ്ഗഢിലെ സാഖി ജില്ലയിലെ ഛപോര ഗ്രാമത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) പേരിൽ വൻ തട്ടിപ്പ് നടന്നതായി റിപ്പോർട്ട്. തൊഴിൽരഹിതരായ ഗ്രാമവാസികളാണ് ഈ തട്ടിപ്പിന് ഇരയായത്. വ്യാജ എസ്.ബി.ഐ ശാഖ സ്ഥാപിച്ച് കൗണ്ടറുകളും ബാങ്ക് രേഖകളും ഉപയോഗിച്ച് തട്ടിപ്പുസംഘം ജനങ്ങളെ കബളിപ്പിച്ചു. ഗ്രാമവാസികൾക്ക് ജോലി വാഗ്ദാനം ചെയ്ത് വൻ തുക കൈപ്പറ്റുകയും ചെയ്തു.
തട്ടിപ്പുസംഘം മാസം 7,000 രൂപ വാടകയ്ക്ക് എടുത്ത കെട്ടിടത്തിലാണ് വ്യാജ ശാഖ തുടങ്ങിയത്. ബ്രാഞ്ച് മാനേജർ, മാർക്കറ്റിംഗ് ഓഫീസർ, കാഷ്യർ, കംപ്യൂട്ടർ ഓപ്പറേറ്റർ തുടങ്ങിയ തസ്തികകളിലേക്ക് ഗ്രാമവാസികളെ നിയമിച്ചു. ജോലി ലഭിക്കാൻ രണ്ട് ലക്ഷം മുതൽ ആറ് ലക്ഷം രൂപ വരെ കെട്ടിവയ്ക്കണമെന്നായിരുന്നു ആവശ്യം. പലരും സ്വർണം പണയം വച്ചും ലോൺ എടുത്തുമാണ് പണം നൽകിയത്. 30,000 മുതൽ 35,000 രൂപ വരെ മാസശമ്പളം വാഗ്ദാനം ചെയ്തു.
സമീപ പ്രദേശമായ ദബ്രയിലെ ബാങ്ക് മാനേജർക്ക് തോന്നിയ ചെറിയ സംശയമാണ് വൻ തട്ടിപ്പ് പുറത്തെത്തിച്ചത്. അജയ് കുമാർ അഗർവാൾ എന്നയാൾ ജില്ലയിലെ മറ്റൊരു എസ്.ബി.ഐ ശാഖയിൽ ജോലിക്കായി അപേക്ഷിച്ചിരുന്നു. എന്നാൽ തന്റെ ഗ്രാമത്തിൽ പെട്ടെന്ന് മറ്റൊരു ശാഖ തുടങ്ങിയതിൽ സംശയം തോന്നി അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. സംഭവത്തിൽ നാലുപേർ പൊലീസിന്റെ പിടിയിലായിട്ടുണ്ട്.
Story Highlights: Fake SBI branch in Chhattisgarh’s Sakhi district dupes unemployed villagers with job offers and financial transactions.