സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല പരാമര്ശം നടത്തിയെന്ന നടന് ബാലചന്ദ്രമേനോന്റെ പരാതിയില് ആലുവ സ്വദേശിയായ നടിക്കെതിരെ കൊച്ചി സൈബര് പൊലീസ് കേസെടുത്തു. നടിയുടെ അഭിഭാഷകന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്. നടിയുടെ ലൈംഗിക ആരോപണം സംപ്രേഷണം ചെയ്തതിന് യൂട്യൂബ് ചാനലിനെതിരെയും ഐടി ആക്ട് പ്രകാരം കേസെടുത്തിരുന്നു.
തനിക്കെതിരെ നടി ലൈംഗിക പീഡനാരോപണം ഉന്നയിച്ചതിന് പിന്നാലെ ബാലചന്ദ്രമേനോന് ഡിജിപിക്ക് പരാതി നല്കിയിരുന്നു. നടന്മാര് ഉള്പ്പെടെ 7 പേര്ക്കെതിരെ ലൈംഗിക പീഡന പരാതി നല്കിയ നടിയുടെ അഭിഭാഷകന് തന്നെ ബ്ലാക്ക്മെയില് ചെയ്തെന്ന് ആരോപിച്ച് നടിക്കും അഭിഭാഷകനുമെതിരെ ബാലചന്ദ്രമോനോന് മറ്റൊരു പരാതിയും നല്കിയിരുന്നു.
ഫോണ്കോള് വിവരങ്ങള് ഉള്പ്പെടെയുള്ള തെളിവുകള് സഹിതം മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്കിയതായി ബാലചന്ദ്രമേനോന് പറയുന്നു. സെപ്റ്റംബര് 14 ന് നടി സമൂഹമാധ്യമത്തിലൂടെ പരാതി പുറത്തുവിടുമെന്ന് അറിയിച്ചതിന് പിന്നാലെ യുട്യൂബ് ചാനലുകള്ക്ക് അഭിമുഖങ്ങള് നല്കുകയായിരുന്നു. തനിക്കെതിരെയുള്ള ആരോപണങ്ങള് ഉന്നയിക്കും മുന്പ് നടിയുടെ അഭിഭാഷകന് സംഗീത് ലൂയീസ് ഫോണില് വിളിച്ച് ഭീഷണിപ്പെടുത്തിയതായും ബാലചന്ദ്രമേനോന് പരാതിയില് പറയുന്നു.
Story Highlights: Cyber police file case against actress based on Balachandra Menon’s complaint of obscene remarks on social media