മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ പിആർ ഏജൻസി വിവാദവുമായി ബന്ധപ്പെട്ട് പ്രതികരിച്ചു. സിപിഎം നേതാവും ഹരിപ്പാട് മുൻ എംഎൽഎയുമായിരുന്ന ദേവകുമാറിന്റെ മകൻ ടിഡി സുബ്രമണ്യനെ കുറിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. രാഷ്ട്രീയമായി ചെറുപ്പം മുതൽ തങ്ങളുടെ കൂടെ നിൽക്കുന്നയാളാണ് സുബ്രമണ്യനെന്നും കൃത്യമായ രാഷ്ട്രീയ നിലപാടുള്ളയാളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡൽഹി കേരളഹൗസിൽ ദി ഹിന്ദു ദിനപത്രവുമായി അഭിമുഖം നടക്കുമ്പോൾ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് സീനിയർ മാനേജർ ടി.ഡി. സുബ്രഹ്മണ്യനും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. സി.പി.എം. ദേശീയനേതൃത്വത്തിലുള്ളവരുമായും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരുമായും ഇദ്ദേഹത്തിന് ബന്ധമുണ്ടെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ പി.ആർ. ദൗത്യത്തിന് സുബ്രഹ്മണ്യനെ ചുമതലപ്പെടുത്തിയെന്നും സൂചനയുണ്ട്.
സെക്കന്തരാബാദ് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റിയിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന സുബ്രമണ്യന് രാഷ്ട്രീയപരമായി സിപിഎമ്മുമായി അടുപ്പമുണ്ട്. ഇലക്ഷൻ സ്ട്രാറ്റജിസ്റ്റ് പ്രശാന്ത് കിഷോറിന്റെ ടീമിനൊപ്പം പ്രവർത്തിച്ച ചരിത്രവുമുണ്ട്. ഐ പാക് എന്ന സ്ഥാപനത്തിന്റെ സ്ട്രാറ്റജി റിസർച്ച് ടീം തലവനായിരുന്നു ഇയാൾ. കഴിഞ്ഞ വർഷമാണ് റിലയൻസ് ഗ്രൂപ്പിന്റെ കമ്മ്യൂണിക്കേഷൻസ് വിഭാഗത്തിന്റെ ഭാഗമായത്. ഈ പശ്ചാത്തലമാകാം മുഖ്യമന്ത്രിക്കായി അഭിമുഖം നൽകാനും അതിലുടനീളം പങ്കെടുക്കാനും സുബ്രഹ്മണ്യത്തെ പ്രാപ്തനാക്കിയത്.
Story Highlights: Kerala CM Pinarayi Vijayan addresses PR agency controversy, revealing ties with T.D. Subrahmanyan, son of CPM leader Devakumar