വടക്കേ അമേരിക്കയിലെ മലയാളി പ്രവാസികൾക്കിടയിൽ വളർന്നുവരുന്ന ചലച്ചിത്ര പ്രതിഭകളെ കണ്ടെത്താനും പിന്തുണയ്ക്കാനുമായി കൈരളി ടിവി യുഎസ്എ സംഘടിപ്പിച്ച ഷോർട്ട് ഫിലിം മത്സരത്തിൽ വിവിധ സ്റ്റേറ്റുകളിൽ നിന്നായി 40 ചിത്രങ്ങൾ പങ്കെടുത്തു. അമേരിക്കൻ മലയാളികളുടെ ജീവിതപരിസരങ്ങളെ അധികരിച്ച ലഘുചിത്രങ്ങളാണ് മത്സരത്തിൽ ഉണ്ടായിരുന്നത്. അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത്, കവിയും ന്യൂസ് ഡയറക്ടറുമായ ഡോക്ടർ എൻ പി ചന്ദ്രശേഖരൻ എന്നിവരടങ്ങിയ ജൂറി കമ്മിറ്റി ഫൈനൽ റൗണ്ടിലേക്ക് 11 ചിത്രങ്ങൾ തെരഞ്ഞെടുത്തു.
പ്രേക്ഷകരുടെ അഭിപ്രായം കൂടി പരിഗണിച്ച് മികച്ച ഹ്രസ്വചലച്ചിത്രമായി സാൻ ഡിയാഗോയിൽ നിന്നുള്ള ശ്രീലേഖ ഹരിദാസ് സംവിധാനം ചെയ്ത ‘ഒയാസിസ്’ തെരഞ്ഞെടുക്കപ്പെട്ടു. തൃശൂർ സ്വദേശിയായ ശ്രീലേഖ സാൻ ഡിയാഗോയിൽ കോർപ്പറേറ്റ് അറ്റോർണിയാണ്. മികച്ച നടനായി ‘മിക്സ്ഡ് ജ്യൂസ്’, ‘പോസിറ്റീവ്’ എന്നീ ഹ്രസ്വചിത്രങ്ങളിൽ അഭിനയിച്ച ജോസ് കുട്ടി വലിയകല്ലുങ്കൽ തെരഞ്ഞെടുക്കപ്പെട്ടു. കൈരളി ടിവി ടെലികാസ്റ്റ് ചെയ്ത ‘അക്കരകാഴ്ച’യിലെ നായകനായ ജോസ് ലോകത്തുള്ള മലയാളി പ്രവാസികൾക്ക് സുപരിചിതനാണ്. മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട ദീപ മേനോൻ (‘ഒയാസിസ്’) സാൻ ഡിയാഗോയിൽ ഐടി രംഗത്ത് ജോലി ചെയ്യുന്ന പാലക്കാട് പള്ളിപ്പുറം സ്വദേശിയാണ്.
ഒക്ടോബർ 19-ന് വൈകിട്ട് കേരള സെന്റർ പ്രതിഭകളായ യുഎസ് മലയാളികൾക്ക് നൽകുന്ന നാഷണൽ അവാർഡ് വേദിയിൽ കൈരളി യുഎസ്എയുടെ ഷോർട്ട് ഫിലിം മത്സരത്തിലെ വിജയികൾക്ക് അവാർഡുകൾ നൽകും. ഡോ. ജോൺ ബ്രിട്ടാസിന്റെ നേതൃത്വത്തിൽ വടക്കേ അമേരിക്കയിലെ കൈരളി ടിവിയുടെ പ്രതിനിധികളായ ജോസ് കാടാപുറം, ജോസഫ് പ്ലാക്കാട്ട് എന്നിവർക്കൊപ്പം ഷോർട്ട് ഫിലിം കോർഡിനേറ്റർ തോമസ് രാജൻ, അമേരിക്കയിലെ മികച്ച അവതാരകരായ സുബി തോമസ്, തുഷാര ഉറുമ്പിൽ, പ്രവിധ എന്നിവരാണ് മത്സരങ്ങളുടെ ചുക്കാൻ പിടിച്ചത്.
Story Highlights: Kairali TV USA organizes short film competition for North American Malayalam filmmakers, with 40 entries and winners announced