കൂത്തുപറമ്പ് വെടിവെപ്പിൽ പരുക്കേറ്റ് കിടപ്പിലായിരുന്ന സിപിഐഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരുക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു പുഷ്പൻ. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം.
1994 നവംബറിലാണ് കൂത്തുപറമ്പിൽ എം വി രാഘവനെതിരെ നടന്ന പ്രതിഷേധത്തിനിടെ പൊലീസ് വെടിവെപ്പ് ഉണ്ടായത്. വെടിവെപ്പിൽ അഞ്ചു പേർ മരിച്ചിരുന്നു. കര്ഷക തൊഴിലാളി കുടുംബത്തില് പിറന്ന പുഷ്പന് എട്ടാം ക്ളാസ് വരെ മാത്രമായിരുന്നു വിദ്യാഭ്യാസം. നാട്ടില് സജീവ പാര്ട്ടി പ്രവര്ത്തകനായിരുന്ന പുഷ്പന്, കുടുംബം പുലര്ത്താനായി ബംഗളൂരുവിലേക്ക് പോയി പലചരക്ക് കടയിൽ ജോലി ചെയ്തിരുന്നു.
അവധിക്ക് നാട്ടിലെത്തിയപ്പോള് സ്വാശ്രയ കോളജ് വിരുദ്ധ സമരം കേരളത്തില് ആളിക്കത്തുകയായിരുന്നു. പുഷ്പനും അതിന്റെ ഭാഗമായി. അങ്ങനെയാണ് 1994 നവംബര് 25 വെളളിയാഴ്ച കൂത്തുപറമ്പിൽ എംവി രാഘവനെ തടയാനുളള സമരത്തിന്റെ ഭാഗമാകുന്നത്. പുഷ്പനെ അനുശോചിച്ച് മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി. “പ്രിയ സഖാവേ….ജീവിക്കുന്നു ഞങ്ങളിലൂടെ….പോരാടുന്നു ഞങ്ങളിലൂടെ….റെഡ് സല്യൂട്ട്…” എന്നായിരുന്നു വി ശിവൻകുട്ടി ചിത്രങ്ങൾ ഉൾപ്പെടെ ഫേസ്ബുക്കിൽ കുറിച്ചത്.
Story Highlights: CPI(M) worker Pushpan, injured in Koothuparamba firing, passes away; Minister V Sivankutty pays tribute