കേരളത്തിന്റെ കണ്ണീരേറ്റുവാങ്ങി അര്ജുന് ജന്മനാട്ടിലേക്ക് നോവോര്മയായി മടങ്ങിയെത്തുന്നു. 2024 ജൂലൈ 16 ന് രാവിലെ 8.30ന് ഉത്തര കന്നഡ ജില്ലയിലെ അങ്കോളക്കടുത്ത് ഷിരൂരില് കനത്ത മഴയെത്തുടര്ന്നുണ്ടായ മണ്ണിടിച്ചില് ആ പ്രദേശത്തെയാകെ നടുക്കി. ഷിരൂരിലെ വലിയ മല മുഴുവനായി താഴേക്ക് പതിച്ചു. കോഴിക്കോട് കണ്ണാടിക്കല് സ്വദേശി അര്ജുനെ ട്രക്കുമായി കാണാതായെന്ന് കുടുംബത്തിന്റെ പരാതി വന്നു.
കര്ണാടക സര്ക്കാരിന്റെ തെരച്ചില് പേരിന് മാത്രമെന്ന് കുടുംബം പരാതിപ്പെട്ടു. കേരളത്തിലെ മാധ്യമങ്ങള് വാര്ത്ത നല്കിയതോടെ സംസ്ഥാന സര്ക്കാര് ഇടപെട്ടു. കര്ണാടക പൊലീസും ദേശീയ ദുരന്ത നിവാരണ സേനയും ഫയര് ഫോഴ്സും തെരച്ചില് ഊര്ജിതമാക്കി. ജൂലൈ 19ന് നാവിക സേനയും 20ന് റഡാര് സംഘവും എത്തി. റഡാര് ഉപയോഗിച്ചുള്ള ഭൂഗര്ഭ സ്കാനിങ് ജൂലൈ 20 ന് നടന്നു.
മോശം കാലാവസ്ഥയും ശക്തമായ അടിയൊഴുക്കും രക്ഷാപ്രവര്ത്തനത്തിന് വെല്ലുവിളിയായി. 13 ആം ദിനവും തെരച്ചില് പരാജയപ്പെട്ടതോടെ കൂടുതല് യന്ത്രങ്ങള് വരുന്നതുവരെ പരിശോധന നിര്ത്തിവയ്ക്കാന്, ജൂലൈ 28ന് കര്ണാടക സര്ക്കാര് തീരുമാനിച്ചു. ഒടുവില്, കരയില് നിന്ന് 65 മീറ്റര് അകലെ ഗംഗാവലിപ്പുഴയുടെ 12 മീറ്റര് ആഴത്തില് നിന്ന് അര്ജുന്റെ ട്രക്കും മൃതദേഹവും കണ്ടെത്തി. അപകടം നടന്നതിന്റെ 72ആം നാള്. തുടര്ന്ന് ഇന്നലെയോടെ മൃതദേഹം അര്ജുന്റേത് തന്നെയെന്ന് ഡിഎന്എ പരിശോധനയില് തെളിഞ്ഞു. കണ്ണാടിക്കലെ വീട്ടുവളപ്പില് രാവിലെ 11 മണിയോടെയാണ് സംസ്കാര ചടങ്ങുകള് നടക്കുക.
Story Highlights: Timeline of Arjun’s search operation in Shirur landslide, spanning 72 days from July 16 to September 27, 2024.