കഴിഞ്ഞ എഴുപതോളം ദിവസങ്ങളായി മലയാളികളുടെ പ്രാര്ത്ഥനയില് ഉണ്ടായിരുന്ന ഷിരൂര് മണ്ണിടിച്ചിലും ഗംഗാവലിപ്പുഴയും ആഴങ്ങളില് മറഞ്ഞ ലോറിയും ഒടുവില് കണ്ടെത്തി. ലോറിയും അതില് മൃതദേഹവും കിട്ടിയപ്പോള് അര്ജുനായി കേരളമാകെ കണ്ണീര് വാര്ത്തു. കണ്ണാടിക്കല് എന്ന ചെറുഗ്രാമത്തിന്റെ നഷ്ടം വളരെ ആഴത്തിലുള്ളതാണ്. ഏതുകാര്യത്തിനും ഓടിയെത്തുന്ന ഒരു പൊതുപ്രവര്ത്തകനെ കൂടിയാണ് നാടിന് നഷ്ടമായിരിക്കുന്നത്.
കണ്ണാടിക്കല് യുവജന ആര്ട്ട്സ് ക്ലബ്ബിന്റെ പ്രവര്ത്തക സമിതി അംഗവും ഡിവൈഎഫ്ഐ പ്രവര്ത്തകനുമായിരുന്നു അര്ജുന്. മെഡിക്കല് കോളജില് രോഗികള്ക്കും കൂട്ടിരിപ്പുകാര്ക്കും പൊതിച്ചോറുകളുമായെത്തുന്ന സാമൂഹ്യ പ്രതിബന്ധതയുള്ള ആ യുവാവിന്റെ വിയോഗം നാടിന് ഇന്നും ഉള്ക്കൊള്ളാനായിട്ടില്ല. വഴിയരികില് കണ്ണീര്പൂക്കളുമായി കാത്തുനില്ക്കുകയാണ് നാട്ടുകാര്. ഇവിടെ അര്ജുനെ അറിയാത്ത ആരുമില്ലെന്നാണ് നാട്ടുകാര് പറയുന്നത്.
വികാര നിര്ഭരമായാണ് കേരളം അര്ജുനെ ഏറ്റുവാങ്ങിയത്. കേരള – കര്ണാടക അതിര്ത്തിയായ തലപ്പാടിയില് വച്ച് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില് അന്തിമോപചാരം അര്പ്പിച്ചു. കോഴിക്കോട് ജില്ലാ അതിര്ത്തിയായ അഴിയൂരില് സര്ക്കാരിന്റെ പ്രതിനിധിയായി മന്ത്രി എ.കെ ശശീന്ദ്രന് മൃതദേഹം ഏറ്റുവാങ്ങി. പൂളാടിക്കുന്നില്‍ നിന്ന് ആരംഭിക്കുന്ന വിലാപയാത്രയ്ക്ക് ലോറി ഡ്രൈവര്മാരും കണ്ണാടിക്കലില് നിന്ന് ജനകീയ കൂട്ടായ്മയും നേതൃത്വം നല്കും. ഒരു മണിക്കൂര് നേരം വീട്ടില് പൊതുദര്ശത്തിന് വെച്ചശേഷം പതിനൊന്ന് മണിയോടെ സംസ്കാര ചടങ്ങുകള് നടത്താനാണ് തീരുമാനം.
Story Highlights: Kerala mourns Arjun, a beloved social worker from Kannadikkal village, found after 70 days in Shirur landslide