അർജുന്റെ മൃതദേഹം വഹിച്ചുള്ള വാഹനം കോഴിക്കോട് ജില്ലാ അതിർത്തിയായ അഴിയൂരിൽ എത്തി. സർക്കാരിന്റെ പ്രതിനിധിയായി മന്ത്രി എ.കെ ശശീന്ദ്രൻ മൃതദേഹം ഏറ്റുവാങ്ങി. കർണാടക പൊലീസും, കാർവാർ എംഎൽഎ സതീഷ കൃഷ്ണ സെയിലും, ഈശ്വർ മാൽപെയും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. അന്ത്യാഞ്ജലി അർപ്പിക്കാൻ നിരവധി പേരാണ് വഴി നീളെ കാത്തുനിന്നത്. കണ്ണാടിക്കലിനെ വീട്ടുവളപ്പിലാകും സംസ്കാരം.
വികാര നിർഭരമായാണ് കേരളം അർജുനെ ഏറ്റുവാങ്ങിയത്. കേരള – കർണാടക അതിർത്തിയായ തലപ്പാടിയിൽ വച്ച് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ അന്തിമോപചാരം അർപ്പിച്ചു. പൂളാടിക്കുന്നിൽ നിന്ന് ആരംഭിക്കുന്ന വിലാപയാത്രയ്ക്ക് ലോറി ഡ്രൈവർമാരും കണ്ണാടിക്കലിൽ നിന്ന് ജനകീയ കൂട്ടായ്മയും നേതൃത്വം നൽകും. ഒരു മണിക്കൂർ നേരം വീട്ടിൽ പൊതുദർശത്തിന് വെച്ചശേഷം പതിനൊന്ന് മണിയോടെ സംസ്കാര ചടങ്ങുകൾ നടത്താനാണ് തീരുമാനം.
അർജുന്റെ സഹോദരൻ അഭിജിത്തും ജിതിനും ആംബുലൻസിൽ ഒപ്പമുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള മുഴുവൻ ചിലവുകളും കർണാടക സർക്കാർ ആണ് വഹിക്കുക. വ്യാഴാഴ്ച വൈകിയാണ് മൃതദേഹം അർജുന്റേതെന്ന് സ്ഥിരീകരിക്കാൻ ഡിഎൻഎ സാമ്പിൾ ഫൊറൻസിക് ലാബിൽ എത്തിച്ചത്. ഷിരൂർ ദുരന്തമുഖത്ത് നിഴലിച്ചത് ഉള്ളുലഞ്ഞ കാഴ്ചകളായിരുന്നു. ക്യാബിനുള്ളിൽ മകനായി അർജുൻ കരുതിവെച്ച കുഞ്ഞുലോറിയും വസ്ത്രങ്ങളും ഇന്നലെ കണ്ടെത്തിയിരുന്നു.
Story Highlights: Arjun’s funeral procession reaches Kozhikode, government and public pay last respects