സിപിഐഎമ്മിന് അന്വറിന്റെ അജണ്ടയില് വ്യക്തതയുണ്ടെന്നും അതുകൊണ്ട് ഞെട്ടല് ഒന്നും തോന്നുന്നില്ലെന്നും എകെ ബാലന് പ്രതികരിച്ചു. പി വി അന്വര് ബോധപൂര്വ്വം നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് ഇന്നലെ ചില കാര്യങ്ങള് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 24ാം പാര്ട്ടി കോണ്ഗ്രസിന്റെ ഭാഗമായി നടക്കുന്ന സമ്മേളനങ്ങളിലെ ചര്ച്ചകള് മറ്റൊരു തലത്തിലേക്കെത്തിച്ച് മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ കുടുംബത്തേയും ഒറ്റപ്പെടുത്തുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമായി രൂപപ്പെടുത്തിയതാണിതെന്നും ബാലന് ആരോപിച്ചു.
അന്വറിനെ സ്വീകരിക്കാന് കോണ്ഗ്രസ് തയ്യാറായിരിക്കുകയാണെന്നും അന്വര് പറഞ്ഞത് സത്യമെന്നു കെ സുധാകരന് പറയുന്നുവെന്നും ബാലന് ചൂണ്ടിക്കാട്ടി. എന്നാല് പ്രതിപക്ഷ നേതാവ് വി ഡി സതീശന് മത്സ്യ വണ്ടിയില് 150 കോടി രൂപ കടത്തി കര്ണാടകയില് നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നുവെന്ന അന്വറിന്റെ ആരോപണത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഐഎമ്മിന് ഈ വിഷയത്തില് ഒരു പരിഭ്രാന്തിയുമില്ലെന്നും കേരള രാഷ്ട്രീയത്തില് ഒരു ചുക്കും സംഭവിക്കാന് പോകുന്നില്ലെന്നും ബാലന് പറഞ്ഞു. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില് അന്വേഷണം നടന്നു വരികയാണെന്നും ആരോപണങ്ങളില് ഉറച്ചു നില്ക്കുന്നെങ്കില് അന്വര് സര്ക്കാരുമായി സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുരുമ്പു പിടിച്ചു കിടന്ന പഴയ ആരോപണങ്ങളാണ് ഇപ്പോള് ഉയര്ത്തി കൊണ്ടു വരുന്നതെന്നും ബാലന് കുറ്റപ്പെടുത്തി.
Story Highlights: AK Balan criticizes PV Anvar’s allegations, calling them part of a conspiracy against the Chief Minister and his family