മുഖ്യമന്ത്രി പിണറായി വിജയൻ ഭരണകക്ഷി എംഎൽഎ പി വി അൻവർ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളിൽ ആദ്യ പ്രതികരണം നടത്തി. പാർട്ടിക്കും സർക്കാരിനും എൽഡിഎഫിനുമെതിരെ അൻവർ ഉന്നയിച്ച ആരോപണങ്ങൾ തള്ളിക്കളയുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫിന്റെ ശത്രുക്കൾ വ്യാപകമായി പ്രചരിപ്പിക്കുന്ന കാര്യങ്ങളാണ് അൻവർ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അൻവർ ഉന്നയിച്ച ആരോപണങ്ങൾ സർക്കാരിനെ അപകീർത്തിപ്പെടുത്താൻ വന്നതായി കാണുന്നുവെന്നും അതിനാൽ തന്നെ അവ പൂർണമായും തള്ളിക്കളയുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അൻവറിന്റെ ആരോപണങ്ങളിൽ നിലവിലെ നിഷ്പക്ഷ അന്വേഷണം തുടരുമെന്നും പിണറായി വിജയൻ പറഞ്ഞു. മറ്റൊരു അവസരത്തിൽ വിശദമായി മറുപടി പറയാമെന്നും അദ്ദേഹം അറിയിച്ചു.
മുഖ്യമന്ത്രിക്ക് ആഭ്യന്തരവകുപ്പ് മന്ത്രിയായി തുടരാൻ അർഹതയില്ലെന്നുൾപ്പെടെയാണ് ഇന്നലത്തെ വാർത്താ സമ്മേളനത്തിൽ പി വി അൻവർ തുറന്നടിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസ് അഗ്നിപർവതത്തിന് മുകളിലാണെന്നും താൻ അറിഞ്ഞ കാര്യങ്ങൾ പറഞ്ഞാൽ സഖാക്കൾ എകെജി സെന്റർ തകർക്കുമെന്നും അൻവർ പറഞ്ഞു. ഈ രീതിയിൽ മുന്നോട്ടുപോയാൽ പിണറായി വിജയൻ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: Kerala CM Pinarayi Vijayan dismisses serious allegations made by ruling party MLA P V Anvar