പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെകെ രമ എംഎൽഎ രംഗത്തെത്തി. പിണറായി വിജയനെ വിമർശിച്ചതിനാണ് ടി പി ചന്ദ്രശേഖരനെ 51 വെട്ടു വെട്ടിക്കൊന്നതെന്നും സമാന വിമർശനങ്ങളാണ് അൻവറും ഉയർത്തുന്നതെന്നും കെകെ രമ പറഞ്ഞു. അൻവറിന് പിന്നിൽ സിപിഐഎമ്മിലെ വലിയൊരു വിഭാഗം ഉണ്ടെന്നും പിണറായിയുടെ മുഖത്തുനോക്കി ഇത്തരം കാര്യങ്ങൾ പറയാൻ മറ്റൊരാൾക്കും ധൈര്യമില്ലെന്നും അവർ കൂട്ടിച്ചേർത്തു.
സർക്കാരിലും സിപിഐഎമ്മിലുമുള്ള ചീഞ്ഞുനാറലാണ് പുറത്തേക്ക് ഒഴുകുന്നതെന്ന് കെകെ രമ വിമർശിച്ചു. മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ പിണറായി വിജയന് യോഗ്യതയില്ലെന്നും അൻവറിനെ ഇനി കുലംകുത്തിയാക്കുകയും തള്ളിപ്പറയുകയും ചെയ്യുമെന്നും അവർ പറഞ്ഞു. എന്നാൽ ചന്ദ്രശേഖരന് ഉണ്ടായ അവസ്ഥ അൻവറിന് ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും കേസുകളിൽ പെടുത്തുമോ എന്നറിയില്ലെന്നും കെകെ രമ കൂട്ടിച്ചേർത്തു.
പിണറായിയിൽ തുടങ്ങിയ പാർട്ടി പിണറായിയിൽ അവസാനിക്കരുതെന്ന് പാർട്ടിയിൽ വലിയൊരു വിഭാഗം ആഗ്രഹിക്കുന്നുണ്ടെന്നും കെകെ രമ പറഞ്ഞു. എഡിജിപി എം ആർ അജിത് കുമാർ ആർഎസ്എസ് നേതാവിനെ കണ്ടത് എന്തിനെന്ന് സമൂഹത്തോട് പറയണമെന്നും പൂരം കലക്കിയവരെ കണ്ടെത്തണമെന്നും അവർ ആവശ്യപ്പെട്ടു. ഇടതുപക്ഷത്തിന്റെ മൂല്യങ്ങൾ ഇല്ലാതാകുന്നുവെന്നും മുന്നണിയിലെ ഘടകകക്ഷികൾ പുനരാലോചന നടത്തണമെന്നും കെകെ രമ അഭിപ്രായപ്പെട്ടു.
Story Highlights: KK Rema criticizes Pinarayi Vijayan, compares Anwar’s criticism to TP Chandrashekharan’s murder