യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പി വി അൻവറിന് പിന്തുണ പ്രഖ്യാപിച്ചു. സത്യം പറയാൻ അൻവർ ആശങ്കപ്പെടേണ്ടതില്ലെന്നും തങ്ങളുടെ എല്ലാ പിന്തുണയും ഒപ്പമുണ്ടാകുമെന്നും രാഹുൽ വ്യക്തമാക്കി. എന്നാൽ, പി വി അൻവർ എന്ന വ്യക്തിക്കല്ല, അദ്ദേഹം പറയുന്ന വിഷയത്തിലാണ് പിന്തുണയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് എത്രകാലം അൻവറിന് നിലനിൽക്കാൻ കഴിയുമെന്ന ചോദ്യവും രാഹുൽ ഉന്നയിച്ചു.
ഇന്നലെ അൻവർ മുഖ്യമന്ത്രിക്കെതിരെ നടത്തിയ ആരോപണങ്ങൾക്ക് പിന്നാലെ, രാഹുൽ മാങ്കൂട്ടത്തിൽ മുഖ്യമന്ത്രിക്കെതിരെ പരോക്ഷ പരിഹാസവുമായി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി കത്തിജ്വലിക്കുന്ന സൂര്യനായിരുന്നെങ്കിലും ഇപ്പോൾ അത് കെട്ടുപോയെന്ന അൻവറിന്റെ പരാമർശത്തിന് പിന്നാലെ, ‘സൂര്യനും ചന്ദ്രനും ഒന്നുമല്ല ഫ്യൂസ് പോയ ഏതോ സ്ട്രീറ്റ് ലൈറ്റ് ആരുന്നത്രേ… ഇതു ഞങ്ങൾ മുൻപേ പറഞ്ഞതല്ലേ…’ എന്ന് രാഹുൽ ഫേസ്ബുക്കിലൂടെ പരിഹസിച്ചു.
മുഖ്യമന്ത്രിക്ക് ആഭ്യന്തരവകുപ്പ് മന്ത്രിയായി തുടരാൻ അർഹതയില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അഗ്നിപർവതത്തിന് മുകളിലാണെന്നും പി വി അൻവർ ഇന്നലത്തെ വാർത്താ സമ്മേളനത്തിൽ ആരോപിച്ചിരുന്നു. താൻ അറിഞ്ഞ കാര്യങ്ങൾ പറഞ്ഞാൽ സഖാക്കൾ എകെജി സെന്റർ തകർക്കുമെന്നും, ഈ രീതിയിൽ മുന്നോട്ടുപോയാൽ പിണറായി വിജയൻ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകുമെന്നും അൻവർ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി തന്നെ ചതിച്ചെന്നും പൊതുപ്രവർത്തകരുടെ സ്വാതന്ത്ര്യത്തിന് മുഖ്യമന്ത്രി കൂച്ചുവിലങ്ങിട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Story Highlights: Youth Congress state president Rahul Mamkoottathil supports PV Anwar’s allegations against Chief Minister Pinarayi Vijayan