സ്വർണ്ണക്കടത്തിലും സ്വർണ്ണം പൊട്ടിക്കലിലും പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ സാധൂകരിക്കുന്ന വെളിപ്പെടുത്തലുകളാണ് ഭരണ കക്ഷി എംഎൽഎ നടത്തിയതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി പറഞ്ഞു. സത്യാവസ്ഥ പുറത്തുവരണമെങ്കിൽ സിറ്റിംഗ് ജഡ്ജി തന്നെ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പി.വി.അൻവർ പറഞ്ഞത് വസ്തുതകളാണെന്നും, അദ്ദേഹം തുറന്ന് പറയാൻ അൽപ്പം വൈകിയെന്ന് മാത്രമേയുള്ളൂവെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി തികഞ്ഞ പരാജയമാണെന്ന് പരസ്യമായി സമ്മതിക്കേണ്ട ഗതികേടാണ് ഭരണകക്ഷി എംഎൽഎയ്ക്കുള്ളതെന്ന് സുധാകരൻ അഭിപ്രായപ്പെട്ടു. ക്രിമിനൽ മാഫിയകളെ വാഴിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ യോഗ്യതയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിപിഐഎമ്മിനെ നശിപ്പിക്കുന്ന പിണറായി വിജയൻ, മുഹമ്മദ് റിയാസ്, പി.ശശി എന്നിവരുടെ അവിശുദ്ധബന്ധത്തിന്റെ ഞെട്ടിക്കുന്ന കഥകളാണ് പി.വി.അൻവർ അക്കമിട്ട് നിരത്തിയതെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
സ്വർണ്ണം അടിച്ചുമാറ്റുന്ന പൊലീസിന്റെ യഥാർത്ഥ മുഖം ഭരണകക്ഷി എംഎൽഎ തുറന്ന് കാട്ടുമ്പോൾ, പോലീസ് സ്വർണ്ണം പൊട്ടിക്കുന്നില്ലെന്ന നിലപാട് മുഖ്യമന്ത്രി സ്വീകരിച്ചത് ആർക്കുവേണ്ടിയാണെന്ന് സുധാകരൻ ചോദിച്ചു. സ്വർണ്ണക്കടത്ത് സംഘത്തെ നിയന്ത്രിക്കുന്നതിൽ കേരള പോലീസിന്റെ പങ്കെന്താണെന്നും, സ്വർണ്ണം അടിച്ചുമാറ്റാൻ പൊലീസിനെ ഭരണപക്ഷത്ത് നിന്നുള്ള ആരെങ്കിലും നിയന്ത്രിക്കുന്നുണ്ടോയെന്നും അദ്ദേഹം ആരാഞ്ഞു. അൻവറിന്റെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രിയുടെ നിലപാട് മാറ്റാൻ തയ്യാറാണോ അതോ പോലീസിലെ ക്രിമിനലുകളെ സംരക്ഷിക്കാൻ തന്നെയാണോ ഭാവമെന്നും സുധാകരൻ ചോദ്യമുന്നയിച്ചു.
Story Highlights: KPCC President K Sudhakaran demands investigation into gold smuggling allegations against Kerala government