നിലമ്പൂരിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവര്ത്തകരെ തള്ളിപ്പറയാന് കഴിയില്ലെന്ന് പി വി അന്വര് വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സഖാക്കളോട് താന് അത്രമേല് കടപ്പെട്ടിരിക്കുന്നുവെന്നും അവരെ നിരാശരാക്കുന്ന ഒരു വാക്ക് പോലും തന്നില് നിന്ന് ഉണ്ടാവില്ലെന്നും അന്വര് പറഞ്ഞു. ചില പുഴുക്കളോടെ എതിര്പ്പുള്ളൂ, പാര്ട്ടിയോടോ സഖാക്കളോടോ അതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘ജയിച്ചത് സിപിഎമ്മിന്റെ സൗജന്യത്തിലല്ല: പി.വി.അന്വര്’ എന്ന തലക്കെട്ടില് ഒരു സ്വകാര്യ ന്യൂസ് ചാനലിന്റെ പേരില് വ്യാജ സ്ക്രീന്ഷോട്ട് പ്രചരിപ്പിക്കുന്നുണ്ടെന്ന് അന്വര് ചൂണ്ടിക്കാട്ടി. അങ്ങനെ ഒരു പ്രസ്താവന തന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും തന്റെ വിജയത്തിനായി രാവന്തിയോളം ചോര നീരാക്കി പ്രവര്ത്തിച്ചവരാണു നിലമ്പൂരിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവര്ത്തകരെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാജസ്ക്രീന്ഷോട്ട് നിര്മ്മിച്ച് പ്രചരിപ്പിച്ചാലൊന്നും ചോദ്യങ്ങള് ഇല്ലാതാവില്ലെന്നും അന്വര് കൂട്ടിച്ചേര്ത്തു.
ഇന്ന് വൈകിട്ട് നാലരയ്ക്ക് മാധ്യമങ്ങളെ കാണുമെന്ന് പിവി അന്വര് എംഎല്എ മറ്റൊരു ഫേസ്ബുക്ക് കുറിപ്പില് അറിയിച്ചു. വിശ്വാസങ്ങള്ക്കും, വിധേയത്വത്തിനും, താല്ക്കാലികതയ്ക്കും അപ്പുറം ഓരോ മനുഷ്യനിലും ഉള്ള ഒന്നാണു ആത്മാഭിമാനമെന്നും അതിത്തിരി കൂടുതലുണ്ടെന്നും അന്വര് കുറിച്ചു. ‘നീതിയില്ലെങ്കില് നീ തീയാവുക’ എന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇന്ന് വൈകിട്ട് നാലരയ്ക്ക് മാധ്യമങ്ങളെ കാണുന്നുണ്ടെന്നും വ്യക്തമാക്കി.
Story Highlights: PV Anwar denies allegations, expresses gratitude to LDF workers in Nilambur