ഷിരൂർ ഗംഗാവലിപ്പുഴയിൽ നിന്ന് 72 ദിവസത്തിനു ശേഷം അർജുന്റെ മൃതദേഹഭാഗങ്ങൾ കണ്ടെത്തി. മനുഷ്യരും യന്ത്രസംവിധാനങ്ങളും ചേർന്ന് നടത്തിയ അതീവ ദുഷ്കരമായ തിരച്ചിലിലാണ് മുപ്പതുകാരനായ അർജുന്റെ മൃതദേഹഭാഗങ്ങൾ ഉൾപ്പടെയുള്ള ലോറി കണ്ടെത്തിയത്. ഈ സംഭവം മലയാളികളെയൊന്നാകെ ആശങ്കയുടെയും ആകാംഷയുടെയും മുൾമുനയിലാക്കിയിരുന്നു.
തകർന്ന ലോറിയുടെ ക്യാബിനിൽ നിന്നാണ് അർജുന്റെ മൃതദേഹ ഭാഗങ്ങൾ കണ്ടെടുത്തത്. അർജുന്റെ സഹോദരൻ അഭിജിത്ത് നെഞ്ചുലഞ്ഞ് പറഞ്ഞു: “ഏട്ടൻ ഉറക്കത്തിലായിരിക്കും ഉണ്ടായിരിക്കുക, ഒന്നും അറിഞ്ഞ് കാണില്ല, രാവിലെ എണീറ്റ് പോകാനുള്ള ഓർമ്മയിൽ കിടന്നതായിരിക്കും”. ലോറിയുടെ ക്യാബിനിൽ അര്ജുന്റെതായി ബാക്കിയായത് വീട്ടിൽ നിന്ന് കൊണ്ടുപോയ പുതയ്ക്കാനുള്ള പുതപ്പും ഷർട്ടും കളിപ്പാട്ടങ്ങളും മൊബൈൽ ഫോണുകളും മാത്രമായിരുന്നു.
അർജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ, മംഗളൂരിലെ ലാബിൽ നടക്കുന്ന ഡിഎൻഎ പരിശോധനയും മറ്റ് നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷമായിരിക്കും മൃതദേഹം കുടുബങ്ങൾക്ക് കൈമാറുക. അതേസമയം, മണ്ണിടിച്ചിലിൽ കാണാതായ ജഗന്നാഥ്, ലോകേഷ് എന്നിവരുടെ കാര്യത്തിൽ എന്തെങ്കിലും സൂചനകൾക്കായി കാത്തിരിപ്പ് തുടരുകയാണ് അവരുടെ കുടുംബവും.
Story Highlights: Arjun’s body parts found in Shiroor Gangavali river after 72 days of intense search