ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ മൃതദേഹം നാളെ ബന്ധുക്കൾക്ക് കൈമാറിയേക്കുമെന്ന് കാർവാർ ജില്ലാ പൊലീസ് മേധാവി എം.നാരായണ അറിയിച്ചു. മംഗളൂരു ഫോറൻസിക് ലാബിലേക്ക് അയച്ച ഡിഎൻഎ സാമ്പിളുകളുടെ പരിശോധന ഫലം നാളെ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഡിഎൻഎ പരിശോധന ഫലത്തിലൂടെ സ്ഥിരീകരിച്ചാൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ഇതിനായി അർജുന്റെയും, ഷിരൂരിലുള്ള സഹോദരൻ അഭിജിത്തിന്റെയും ഡിഎൻഎ സാമ്പിളുകൾ മംഗളൂരുവിലെ ഫോറൻസിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്.
ഇന്നലെയാണ് ഡ്രഡ്ജർ കമ്പനിയുടെ മുങ്ങൽ വിദഗ്ധർ അർജുന്റെ ലോറിയുടെ ഭാഗം ഗംഗാവലി പുഴയുടെ 12 അടി താഴ്ചയിൽ നിന്ന് കണ്ടെത്തിയത്. ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ലോറി ഉയർത്തുകയായിരുന്നു. കരയിൽ നിന്ന് 65 മീറ്റർ അകലെയാണ് ലോറി കണ്ടെത്തിയത്. അപകടം നടന്ന് 72-ാം ദിവസമാണ് ലോറി കണ്ടെത്തുന്നത്. പുഴയിൽ നിന്ന് കരയിലേക്ക് മാറ്റിയ ലോറിയിൽ നിന്ന് അസ്ഥിഭാഗവും, വസ്ത്രങ്ങളും, മകനുള്ള കളിപ്പാട്ടങ്ങളും കണ്ടെത്തി.
അർജുന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള പൂർണ ചിലവ് കേരള സർക്കാർ വഹിക്കും. കേരളത്തിലേക്ക് അർജുന്റെ മൃതദേഹവും വഹിച്ചുള്ള ആംബുലൻസിനെ കർണാടക പൊലീസ് അനുഗമിക്കും. ജൂലൈ പതിനാറാം തീയതിയായിരുന്നു ദേശീയപാത- 66 ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത്. ചായക്കട ഉടമയും കുടുംബവും ഉൾപ്പടെ ഏഴുപേർ അപകടത്തിൽ മരിച്ചിരുന്നു. കാർവാർ – കുംട്ട റൂട്ടിൽ നാലുവരിപ്പാത വികസിപ്പിക്കാനുള്ള പണികൾ നടക്കുന്ന ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്.
Story Highlights: Arjun’s body to be handed over to relatives tomorrow after DNA test results