തമിഴ് ചലച്ചിത്ര സംവിധായകൻ മോഹൻ ജി.യെ തിരുച്ചിറപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. പഴനി ക്ഷേത്രത്തിലെ പഞ്ചാമൃതത്തെക്കുറിച്ചുള്ള വിവാദ പരാമർശമാണ് അറസ്റ്റിന് കാരണമായത്. ഭക്തർക്ക് വിതരണം ചെയ്യുന്ന പഞ്ചാമൃതത്തിൽ പുരുഷ ലൈംഗികശേഷി ഇല്ലാതാക്കുന്ന മരുന്ന് ചേർക്കുന്നുണ്ടെന്ന് മോഹൻ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്.
തിരുപ്പതി തിരുമല ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസാദ ലഡുവിൽ മൃഗക്കൊഴുപ്പിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന വിവാദത്തെക്കുറിച്ച് ഒരു യൂട്യൂബ് ചാനലിനോട് സംസാരിക്കുമ്പോഴാണ് മോഹന്റെ വിവാദ പരാമർശമുണ്ടായത്. “പഞ്ചാമൃതത്തിൽ പുരുഷ ലൈംഗികശേഷി ഇല്ലാതാക്കുന്ന മരുന്ന് ചേർക്കുന്നുണ്ടെന്ന് ഞാൻ കേട്ടിട്ടുണ്ട്. ഈ വാർത്ത മുമ്പ് മറച്ചുവെയ്ക്കുകയായിരുന്നു. അതിനിടയാക്കിയ പഞ്ചാമൃതം പിന്നീട് നശിപ്പിക്കുകയും ചെയ്തു,” എന്നായിരുന്നു മോഹന്റെ വാക്കുകൾ.
അഭിമുഖത്തിന്റെ ക്ലിപ്പുകൾ വ്യാപകമായി പ്രചരിച്ചതോടെ സംവിധായകനെതിരെ വിവിധ കോണുകളിൽ നിന്ന് വ്യാപക വിമർശനങ്ങൾ ഉയർന്നുവന്നു. പഴയ വണ്ണാറപ്പേട്ടൈ, ദ്രൗപതി, രുദ്രതാണ്ഡവം, ബകാസുരൻ തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളുടെ സംവിധായകനാണ് മോഹൻ.ജി. ജനന നിയന്ത്രണ ഗുളികകൾ ഹിന്ദുക്കൾക്കുമേലുള്ള ആക്രമണമാണെന്ന് അവിടെ ജോലിചെയ്യുന്നവർ തന്നെ പറഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു. ഈ വിവാദ പരാമർശങ്ങളെ തുടർന്നാണ് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
Story Highlights: Tamil film director Mohan G arrested for controversial remarks about Palani temple prasadam