ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്ന് നടൻ സിദ്ദിഖ് ഒളിവിൽ പോയതായി സൂചന. സിദ്ദിഖിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പ്രത്യേക അന്വേഷണ സംഘം ഉടൻ അറസ്റ്റിലേക്ക് കടന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അറസ്റ്റ് ഒഴിവാക്കാൻ സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ងുകയാണെന്ന് സിദ്ദിഖുമായി അടുപ്പമുള്ള വൃത്തങ്ങൾ അറിയിച്ചു.
തിരുവനന്തപുരം സ്വദേശിയായ നടിയുടെ പരാതിയിലാണ് സിദ്ദിഖ് കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടിരിക്കുന്നത്. തന്നെ ഹോട്ടൽ മുറിയിലെത്തിച്ച് ഉപദ്രവിച്ചെന്നായിരുന്നു നടിയുടെ പരാതി. ബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സിദ്ദിഖിനെതിരെ ശക്തമായ സാഹചര്യ തെളിവുകൾ ഉൾപ്പെടെ ലഭിച്ചുകഴിഞ്ഞെന്നാണ് അന്വേഷണ സംഘം അറിയിച്ചത്.
2016 ജനുവരി 27ന് രാത്രി 12 മണിക്ക് സിദ്ദിഖ് തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിലെത്തുകയും 28ന് വൈകിട്ട് 5 മണിവരെ അവിടെ ഉണ്ടായിരുന്നതായും തെളിവുകൾ ലഭിച്ചിട്ടുണ്ട്. പെൺകുട്ടിയും ഇതേസമയം ഹോട്ടലിൽ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. 101 ഉ എന്ന മുറിയാണ് ഇവർ ഉപയോഗിച്ചിരുന്നത്. നടിയുടെ മൊഴി പ്രകാരം, ജനലിലെ കർട്ടൻ മാറ്റി നോക്കിയാൽ സ്വിമ്മിംഗ് പൂൾ കാണാമെന്ന വിവരം പൊലീസ് സംഘം സ്ഥിരീകരിച്ചിരുന്നു. സിദ്ദിഖ് അന്ന് കഴിച്ച ഭക്ഷണത്തിന്റെ ബില്ലുകളും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
Story Highlights: Actor Siddique absconding after bail plea rejected in rape case, special investigation team likely to arrest soon