ഗംഗാവലി പുഴയിൽ അർജുനടക്കം നാലുപേർക്കായുള്ള തിരച്ചിൽ നിർണായക ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. തിരച്ചിലിൽ ലോറിയുടെ പിൻ ടയറുകളും അർജ്ജുൻ്റെ ട്രക്കിലെ തടികഷ്ണവും ലഭിച്ചിട്ടുണ്ട്. എന്നാൽ കണ്ടെത്തിയ ടയറുകൾ അർജുൻ ഓടിച്ച ലോറിയുടേതല്ലെന്ന് ഉടമ മനാഫ് വ്യക്തമാക്കി. ടയറുകൾ കിട്ടിയ ഇടത്ത് വീണ്ടും ഡൈവിംഗ് നടത്താനാണ് നിലവിലെ തീരുമാനം.
ഇന്നത്തെ ഷിരൂർ ദൗത്യത്തിൽ അർജുന്റെ കുടുംബം തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. കൃത്യമായ ഏകോപനത്തോടെയുള്ള തിരച്ചിൽ കാണുന്നുണ്ടെന്ന് അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ പറഞ്ഞു. അർജുന്റെ ട്രക്ക് ഉണ്ട് എന്ന് സംശയമുള്ള സ്ഥലത്താണ് മണ്ണ് നീക്കിയുള്ള പരിശോധന നടത്തുന്നത്. നേരത്തെ നടത്തിയ തിരച്ചിലിൽ അർജുന്റെ ലോറിയുടെ കയറും, ക്രാഷ് ഗാർഡും, വസ്ത്രാഭാഗങ്ങളും കണ്ടെത്തിയിരുന്നു. ഇതേ പോയിന്റിൽ നടത്തിയ തെരച്ചിലിൽ ലക്ഷ്മണന്റെ ചായക്കടയുടെ ഷീറ്റും തോൾ സഞ്ചിയും ലഭിച്ചിട്ടുണ്ട്.
റിട്ട.മേജർ ജനറൽ എം ഇന്ദ്രബാലന്റെ നേതൃത്വത്തിലുള്ള സംഘം മാർക്ക് ചെയ്തു നൽകിയ ഭാഗങ്ങളിൽ തിരച്ചിൽ നടത്തും. CP 4 ലാണ് ട്രക്കിന്റെ ശക്തമായ സിഗ്നലുകൾ ലഭിച്ചിട്ടുള്ളതെന്നും നിലവിൽ സിപി വണ്ണിൽ ആണ് ഡ്രഡ്ജിംഗ് നടക്കുന്നതെന്നും ഇന്ദ്രബാൽ വ്യക്തമാക്കി. ദൗത്യസംഘങ്ങളുമായി വിശദമായി സംസാരിക്കുമെന്നും തിരച്ചിലിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഇന്നലെ തിരച്ചിലിൽ കണ്ടെത്തിയ അസ്ഥി ഭാഗം മനുഷ്യന്റേതല്ലെന്നും മൃഗത്തിന്റേതാണെന്നും സ്ഥിരീകരിച്ചു.
Story Highlights: Search for Arjun and three others in Gangavali river enters crucial phase, with lorry parts and wood pieces found