ഷിരൂരിൽ നടത്തിയ തിരച്ചിലിനിടെ അസ്ഥിഭാഗം കണ്ടെത്തി. ഡ്രഡ്ജർ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് വൈകുന്നേരം അസ്ഥിഭാഗം കണ്ടെത്തിയത്. ഡ്രഡ്ജറിൽ കോരിയെടുത്ത മണ്ണ് പരിശോധിക്കുന്നതിനിടെയാണ് ഇത് കണ്ടെത്തിയത്. കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി.
കണ്ടെത്തിയ അസ്ഥിഭാഗം മനുഷ്യന്റേതാണെന്ന് സംശയിക്കുന്നു. കൈയുടെ ഭാഗമാണെന്ന നിഗമനവും ഉയർന്നിട്ടുണ്ട്. എന്നാൽ ഇത് സ്ഥിരീകരിക്കാൻ ശാസ്ത്രീയമായ പരിശോധന ആവശ്യമാണ്. നിലവിൽ കണ്ടെത്തിയ അസ്ഥി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.
ഇന്നത്തെ തിരച്ചിൽ അവസാനിപ്പിക്കുന്നതിന് മുൻപാണ് അസ്ഥിഭാഗം കണ്ടെത്തിയത്. തുടർന്ന് ഇത് കരയിലേക്കെത്തിച്ച് ജില്ലാ ഭരണകൂടത്തെ ഉൾപ്പെടെ അറിയിക്കുകയായിരുന്നു. ഷിരൂരിൽ അർജുൻ ഉൾപ്പെടെ മൂന്ന് പേരെയാണ് ഇപ്പോൾ കണ്ടെത്താനുള്ളത്. ഈ സാഹചര്യത്തിൽ കണ്ടെത്തിയ അസ്ഥിഭാഗം കൂടുതൽ അന്വേഷണത്തിന് വിധേയമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Story Highlights: Bone fragment discovered during search operation in Shirur, suspected to be human remains