റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ തീവ്ര പരിശ്രമം നടത്തുകയാണെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കുന്നതിനായി നിരവധി തത്പര കക്ഷികളുമായി ഇന്ത്യ ചർച്ച നടത്തുകയും തുടരുകയും ചെയ്യുന്നുണ്ട്. എന്നാൽ, ഈ പ്രശ്നത്തിന് പരിഹാരം കാണാൻ കുറച്ചുകൂടി സമയം വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
ഇരു ഭാഗത്തുമുള്ളവരോടും ഇന്ത്യ സംസാരിക്കുന്നുണ്ടെന്നും, പ്രശ്ന പരിഹാരത്തിന് ഇന്ത്യ ഇടപെടണമെന്ന നിലപാട് പലരും ഉയർത്തിയതിനാലാണ് ഈ ശ്രമം ശക്തമാക്കിയതെന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി. അമേരിക്കയിലെ ന്യൂയോർക്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ത്രിദിന സന്ദർശനവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോൾ വളരെ പ്രധാനപ്പെട്ട ചർച്ചകൾ നടക്കുന്നുണ്ടെന്നും, ഇരുവിഭാഗത്തുമുള്ള വിവിധ കക്ഷികളുമായി ചർച്ച നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓഗസ്റ്റ് 23 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈനിലെത്തി പ്രസിഡൻ്റ് വ്ലോഡിമർ സെലൻസ്കിയുമായി സംസാരിച്ചിരുന്നു. റഷ്യയും യുക്രൈനും ഒരുമിച്ചിരുന്ന് പ്രശ്നത്തിന് പരിഹാരം കാണണമെന്ന നിർദ്ദേശമാണ് അദ്ദേഹം മുന്നോട്ട് വെച്ചത്. യുദ്ധത്തിനായി സമയം പാഴാക്കരുതെന്ന് പറഞ്ഞ മോദി, സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിൽ സജീവമായി ഇന്ത്യ ഇടപെടുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ റഷ്യ-യുക്രൈൻ സംഘർഷത്തിൽ ഉടനടി പരിഹാരം കാണാൻ ഈ ചർച്ചകളിലൂടെ സാധിക്കില്ലെന്നും കുറച്ചധികം സമയം ആവശ്യമാണെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി വ്യക്തമാക്കി.
Story Highlights: India actively engaged in talks with all parties to resolve Russia-Ukraine conflict, says Foreign Secretary Vikram Misri