കൊച്ചിയിൽ വിദേശ വനിതയിൽ നിന്നും മൂന്നര കോടി രൂപ തട്ടിയെന്ന പരാതി ഉയർന്നിരിക്കുകയാണ്. അങ്കമാലിയിൽ മെഡിറ്റേഷൻ സെന്റർ തുടങ്ങിയ ഓസ്ട്രിയൻ വനിതയായ പാർവതി റഹിയാനാണ് ഈ ദുരനുഭവം ഉണ്ടായത്. കമ്പനി ഡയറക്ടർ ചൊവ്വര സ്വദേശി അജിത് ബാബുവാണ് പണം തട്ടിയതെന്നാണ് പരാതി. മന്ത്രിക്ക് നൽകാൻ എന്ന പേരിലും പണം തട്ടിയതായി പരാതിയിൽ പറയുന്നു. പരാതി നൽകിയതിന് പിന്നാലെ അജിത് ബാബു ഭീഷണിപ്പെടുത്തുന്നുവെന്നും യുവതി ആരോപിക്കുന്നു.
പാർവ്വതിയുടെ പ്രാദേശികമായുള്ള ധാരണക്കുറവ് ചൂഷണം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയത്. ജന്മനാ വൃക്കകൾക്ക് തകരാറുള്ള മകളുടെ 500 രൂപയിൽ താഴെ മാത്രം വില വരുന്ന മരുന്നിന് 55000 രൂപ ചിലവെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. പത്ത് മാസം കൊണ്ട് അജിത്ത് തട്ടിയെടുത്തത് 1 കോടി 90ലക്ഷം രൂപയാണ്. സെൻററിലേക്ക് ജലശുദ്ധീകരണ സംവിധാനമൊരുക്കാൻ 19ലക്ഷം വേണമെന്ന് പറഞ്ഞ് വിദേശത്തുള്ള ഓഹരി ഉടമകളിൽ നിന്നടക്കം ശേഖരിച്ച് പാർവ്വതി അതും നൽകി. എന്നാൽ പിന്നീടാണ് അറിഞ്ഞത് ഈ ഇനത്തിൽ അജിത്ത് ചിലവാക്കിയത് വെറും 3 ലക്ഷം രൂപ മാത്രമാണെന്ന്.
പ്രദേശത്ത് ഒരു റൈസ് മിൽ ഉടൻ വരുമെന്നും മന്ത്രിക്ക് പത്ത് ലക്ഷം നൽകിയാൽ അത് തടയാമെന്ന് ധരിപ്പിച്ച് പത്ത് ലക്ഷം രൂപ വേറെയും വാങ്ങി. ഇതാണ് ഇന്ത്യൻ വ്യവസ്ഥയെന്ന അജിത്തിൻറെ വാക്കുകളിൽ പെട്ട് പോയിയെന്നും പാർവ്വതി പറയുന്നു. പൊലീസിൽ നിന്ന് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ഇപ്പോൾ ഒന്നും ചെയ്യുന്നില്ലെന്നും പാർവ്വതി ആരോപിക്കുന്നു. പണം തിരികെ ആവശ്യപ്പെട്ടതോടെ കുഞ്ഞിനെ അപായപ്പെടുത്തുമെന്ന ഭീഷണിയുണ്ടായി. ഒടുവിൽ സെൻററും അടച്ച് പൂട്ടേണ്ടി വന്നു. തട്ടിപ്പൊന്നും നടത്തിയിട്ടില്ലെന്നും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന വിചിത്ര വാദവുമാണ് അജിത്ത് പറയുന്നത്.
Story Highlights: Austrian woman in Kochi alleges fraud of 3.5 crore rupees by company director, involving false claims and threats.