തെക്കൻ പാകിസ്ഥാനിലെ മിർപുർഖാസിന് സമീപം മതനിന്ദ ആരോപിച്ച് ഡോക്ടറെ പോലീസ് വെടിവച്ചു കൊന്നു. ഡോ. ഷാനവാസ് കൻഭർ എന്ന ഡോക്ടറെയാണ് പോലീസ് വധിച്ചത്. ഏറ്റുമുട്ടലിനിടെ ഡോക്ടർ കൊല്ലപ്പെട്ടുവെന്നതാണ് പോലീസ് നൽകുന്ന വിശദീകരണം. എന്നാൽ വ്യാജ ഏറ്റുമുട്ടലിൽ ഡോക്ടർ കൻഭറിനെ വധിച്ചുവെന്നാണ് ഇദ്ദേഹത്തിന്റെ ബന്ധുക്കൾ അന്താരാഷ്ട്ര മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്.
പ്രവാചകനായ മുഹമ്മദിനെ അപമാനിച്ചതിനും സമൂഹമാധ്യമങ്ങളിൽ മതനിന്ദാപരമായ ഉള്ളടക്കം പങ്കുവെച്ചതിനും കുറ്റാരോപിതനായ ഷാനവാസ് കൻഭർ ഒളിവിൽ പോയിരുന്നു. ബുധനാഴ്ച രാത്രിയോടെ മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് പേരെ പരിശോധിക്കുന്നതിനായി പോലീസ് തടയാൻ ശ്രമിച്ചു. എന്നാൽ വാഹനം നിർത്താതെ ഇവരിൽ ഒരാൾ പോലീസിന് നേർക്ക് വെടിയുതിർക്കുകയായിരുന്നു. പോലീസ് തിരിച്ചും വെടിവെച്ചതോടെ ഇവരിൽ ഒരാൾ കൊല്ലപ്പെടുകയായിരുന്നു.
മതനിന്ദ ആരോപിക്കപ്പെട്ട കൻഭറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഉമർകോട്ടിലെ ഇസ്ലാമിസ്റ്റുകൾ പ്രതിഷേധം സംഘടിപ്പിക്കുകയും ഇദ്ദേഹത്തിന്റെ ക്ലിനിക്ക് കത്തിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഡോക്ടർ കൻഭർ വെടിയേറ്റ് മരിച്ചത്. നാട്ടുകാരും ഉദ്യോഗസ്ഥരും തടഞ്ഞതിനെ തുടർന്ന് മൃതദേഹം സംസ്കരിക്കാൻ കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ടി വന്നതായി ബന്ധുക്കൾ അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു. കൻഭറിന്റെ മൃതദേഹം രോഷാകുലരായ ജനക്കൂട്ടം കത്തിച്ചതായും റിപ്പോർട്ട് ഉണ്ട്.
Story Highlights: Doctor accused of blasphemy shot dead by police in southern Pakistan