ഭക്ഷ്യ സുരക്ഷയില്‍ കേരളത്തിന് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഒന്നാം സ്ഥാനം

Anjana

Kerala food safety index

കേരളം ദേശീയ തലത്തില്‍ ഭക്ഷ്യ സുരക്ഷയില്‍ ചരിത്ര നേട്ടം കൈവരിച്ചിരിക്കുന്നു. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം ആദ്യമായി നേടിയ ഒന്നാം സ്ഥാനം ശക്തമായ പ്രവര്‍ത്തനങ്ങളിലൂടെ നിലനിര്‍ത്താന്‍ സംസ്ഥാനത്തിന് സാധിച്ചു. വിവിധ ബോധവത്ക്കരണ പരിപാടികള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തന മികവ് വിലയിരുത്തിയാണ് ദേശീയ ഭക്ഷ്യ സുരക്ഷാ സൂചിക തയ്യാറാക്കുന്നത്.

ന്യൂ ഡല്‍ഹി ഭാരത് മണ്ഡപില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ജെ.പി നഡ്ഡയില്‍ നിന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ അഫ്‌സാന പര്‍വീണ്‍ ട്രോഫിയും പ്രശസ്തി ഫലകവുമടങ്ങിയ പുരസ്‌കാരം ഏറ്റുവാങ്ങി. ഭക്ഷ്യ സുരക്ഷാ രംഗത്ത് കേരളം നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിനിലൂടെ ഭക്ഷ്യ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു നടപ്പിലാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഓപ്പറേഷന്‍ ഷവര്‍മ, ഓപ്പറേഷന്‍ മത്സ്യ, ഓപ്പറേഷന്‍ ജാഗറി, ഓപ്പറേഷന്‍ ഹോളിഡേ തുടങ്ങിയ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. ഈ വര്‍ഷം മുതല്‍ ഇവയെല്ലാം ‘ഓപ്പറേഷന്‍ ലൈഫ്’ എന്ന ഒറ്റ പേരിലാക്കി ഏകോപിപ്പിച്ചു. ഷവര്‍മ മാര്‍ഗനിര്‍ദേശം പുറത്തിറക്കുകയും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കുകയും ചെയ്തു. ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബ്, ഹൈജീന്‍ റേറ്റിംഗ്, ഈറ്റ് റൈറ്റ് ക്യാമ്പസ്, റൂക്കോ എന്നിവയും നടപ്പിലാക്കി. സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചതോടൊപ്പം ഭക്ഷ്യ സുരക്ഷാ ഗ്രിവന്‍സ് പോര്‍ട്ടലും ഈറ്റ് റൈറ്റ് കേരള മൊബൈല്‍ ആപ്പും യാഥാര്‍ത്ഥ്യമാക്കി. മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുകയും പിഴത്തുക ഇരട്ടിയാക്കുകയും ചെയ്തു. ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിംഗിലൂടെ ശക്തമായ നടപടികള്‍ സ്വീകരിച്ചുവരുന്നു. ഈ നേട്ടം കൈവരിക്കാന്‍ പ്രയത്‌നിച്ച ഭക്ഷ്യസുരക്ഷാ വകുപ്പിലെ എല്ലാ ജീവനക്കാരേയും മന്ത്രി അഭിനന്ദിച്ചു.

Story Highlights: Kerala secures top position in national food safety index for second consecutive year

Leave a Comment