മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെ പി.വി അൻവർ എംഎൽഎ സിപിഎം പാർട്ടിക്ക് പരാതി എഴുതി നൽകി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ രേഖാമൂലം പരാതി കിട്ടിയാൽ പരിശോധിക്കുമെന്ന് പ്രസ്താവിച്ചതിന് പിന്നാലെയാണ് അൻവർ പരാതി നൽകിയത്. ഇന്റലിജൻസ് റിപ്പോർട്ട് പൂഴ്ത്തിവച്ചു, എഡിജിപി അജിത് കുമാറിനായി പലതും വഴിവിട്ടുചെയ്യുന്നു തുടങ്ങിയവയാണ് പ്രധാന ആരോപണങ്ങൾ.
നേരത്തെ മലപ്പുറം എസ്പി സുജിത്ദാസിനും എഡിജിപി എം.ആർ അജിത്കുമാറിനുമെതിരെയായിരുന്നു അൻവർ പരാതി എഴുതിനൽകിയിരുന്നത്. എന്നാൽ ഇപ്പോൾ ദൂതൻ മുഖേന പി. ശശിക്കെതിരെയും പരാതി പാർട്ടിക്ക് കൈമാറി. എം.വി ഗോവിന്ദൻ ഓസ്ട്രേലിയയിൽ നിന്ന് തിരികെ വന്നശേഷമായിരിക്കും തുടർനടപടികൾ ഉണ്ടാവുക.
അജിത്കുമാറിനായി പല കാര്യങ്ങളും വഴിവിട്ടു ചെയ്തുകൊടുക്കുന്നതും സംരക്ഷിക്കുന്നതും ശശിയാണെന്നും, മുഖ്യമന്ത്രിയേൽപ്പിച്ച ദൗത്യങ്ങൾ ശശി ചെയ്യുന്നില്ലെന്നും, കാര്യങ്ങൾ ധരിപ്പിക്കുന്നില്ലെന്നുമാണ് അൻവർ ആരോപിച്ചത്. എഡിജിപി അജിത് കുമാറിന്റെ തെറ്റായ നീക്കങ്ങളെപറ്റി അറിയിച്ചിട്ടും ശശി അത് ഗൗനിച്ചില്ലെന്നും അൻവർ കുറ്റപ്പെടുത്തി. ആഭ്യന്തരവകുപ്പ് വിശ്വസിച്ച് ഏൽപ്പിച്ച ഉത്തരവാദിത്തം ശശി നിർവഹിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.
Story Highlights: PV Anwar MLA files complaint against P Sasi, CM’s political secretary, to CPM party alleging serious misconduct and failure in duties.