ബിഹാറിലെ നവാഡയിൽ ദളിത് വിഭാഗത്തിൽപ്പെട്ടവരുടെ 25 ഓളം വീടുകൾക്ക് തീയിട്ട സംഭവം വലിയ വിവാദമായിരിക്കുകയാണ്. ഗ്രാമത്തിലെ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള ഭൂമി തർക്കമാണ് അക്രമത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ വൈകീട്ട് മുഫാസിൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
ഗുണ്ടാസംഘം ദളിത് വീടുകൾ ആക്രമിച്ച് അഗ്നിക്കിരയാക്കിയ ശേഷം ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗ്രാമത്തിലെ മുഴുവൻ ആളുകളെയും താൽക്കാലിക സുരക്ഷാ മേഖലയിലേക്ക് മാറ്റിയിരിക്കുകയാണ്.
അഗ്നിശമന സേനാ സംഘം സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടർന്നു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഈ സംഭവത്തിൽ നിതീഷ് സർക്കാരിനെ പ്രതിപക്ഷം കടുത്ത വിമർശനത്തിന് വിധേയമാക്കി.
ബിജെപിയും സഖ്യകക്ഷികളും ദളിതരെയും ദരിദ്രരെയും അവഗണിക്കുന്നുവെന്നാണ് ആരോപണം. എന്നാൽ, സംസ്ഥാന സർക്കാർ വിഷയം ഗൗരവമായി കാണുന്നുവെന്നും സമഗ്രമായ അന്വേഷണം നടക്കുന്നുണ്ടെന്നും ബിജെപി നേതാവ് അരവിന്ദ് സിംഗ് പ്രതികരിച്ചു. ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
Story Highlights: 25 Dalit houses set on fire in Bihar’s Nawada over land dispute, police investigating