ഹേമ കമ്മിറ്റിക്ക് മുമ്പാകെ വന്ന 20 പേരുടെ മൊഴികൾ ഗൗരവമുള്ളതാണെന്ന് പ്രത്യേക അന്വേഷണ സംഘം വിലയിരുത്തി. ഇന്നലെ ചേർന്ന പ്രത്യേക സംഘത്തിന്റെ യോഗത്തിലാണ് ഈ നിഗമനത്തിലെത്തിയത്. മൊഴി നൽകിയവരിൽ ഭൂരിഭാഗം പേരുമായും പത്ത് ദിവസത്തിനകം നേരിട്ട് ബന്ധപ്പെടാനാണ് അന്വേഷണ സംഘം ലക്ഷ്യമിടുന്നത്. നിയമനടപടി തുടരാൻ താൽപര്യമുള്ളവരുടെ മൊഴിയിൽ അടുത്ത മൂന്നാം തീയതിക്കുള്ളിൽ കേസെടുക്കാനും തീരുമാനിച്ചു.
യഥാർത്ഥ റിപ്പോർട്ടിന് 3896 പേജുകളുണ്ടെന്നും വിശദമായ മൊഴികളും അനുബന്ധ തെളിവുകളും ഇതിൽ ഉൾപ്പെടുന്നുവെന്നും അറിയുന്നു. അന്വേഷണ ഉദ്യോഗസ്ഥർ ഈ റിപ്പോർട്ട് പല ഭാഗങ്ങളായി വായിച്ചിരുന്നു. ഓരോ വനിതാ ഉദ്യോഗസ്ഥരും മൊഴികൾ വായിച്ച് പരിശോധിക്കും. തുടർന്ന്, ഗൗരവമുള്ളതെന്ന് കണ്ടെത്തിയ 20 പേരെ ആദ്യഘട്ടത്തിലും ബാക്കിയുള്ളവരെ രണ്ടാം ഘട്ടത്തിലും വനിതാ ഉദ്യോഗസ്ഥർ നേരിട്ട് ബന്ധപ്പെടും.
പൂർണമായ പേരും മേൽവിലാസവും വെളിപ്പെടുത്താത്തവരെ കണ്ടെത്താൻ സാംസ്കാരിക വകുപ്പിന്റെയോ റിപ്പോർട്ട് തയാറാക്കിയ ഹേമ കമ്മിറ്റി അംഗങ്ങളുടെയോ സഹായം തേടാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ഇതിലൂടെ കൂടുതൽ വിവരങ്ങൾ ശേഖരിച്ച് അന്വേഷണം കാര്യക്ഷമമാക്കാനാണ് ശ്രമം.
Story Highlights: Special Investigation Team finds 20 testimonies before Hema Committee serious, plans to contact witnesses and file cases within 10 days