തിരുവനന്തപുരം നഗരത്തിൽ വൻ സൈബർ തട്ടിപ്പ് നടന്നതായി റിപ്പോർട്ട്. സെപ്റ്റംബർ മാസത്തിൽ മാത്രം നാലു കോടിയിലധികം രൂപയാണ് നഷ്ടമായത്. തിരുവനന്തപുരം സിറ്റി സൈബർ പോലീസ് ആറ് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഓൺലൈൻ ട്രേഡിങ് വാഗ്ദാനം നൽകിയാണ് ഭൂരിഭാഗം തട്ടിപ്പും നടന്നത്.
വാട്ട്സ്ആപ്പ്, ടെലിഗ്രാം അപ്ലിക്കേഷനുകൾ വഴിയാണ് തട്ടിപ്പ് സംഘം ആളുകളെ സമീപിക്കുന്നത്. ഉന്നത വിദ്യാഭ്യാസമുള്ളവരാണ് പ്രധാനമായും തട്ടിപ്പിനിരയായത്. പല അക്കൗണ്ടുകളിലായാണ് സംഘം പണം വാങ്ങിയത്. മറ്റ് പോലീസ് ജില്ലകളിലും സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി എഫ്ഐആറുകൾ ദിവസവും രജിസ്റ്റർ ചെയ്യുന്നുണ്ട്. ആളുകളുടെ പണത്തോടുള്ള ആർത്തിയെയാണ് തട്ടിപ്പ് സംഘം മുതലെടുക്കുന്നതെന്ന് പോലീസ് പറയുന്നു.
സംസ്ഥാനത്ത് ഉന്നതരെയും തട്ടിപ്പ് ലക്ഷ്യം വെക്കുന്നതായി പോലീസ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, ഇ-സിം സംവിധാനത്തിലേയ്ക്ക് മാറാൻ ഉദ്ദേശിക്കുന്ന മൊബൈൽ ഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ട് തട്ടിപ്പ് നടത്തുന്ന സംഘത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മൊബൈൽ ഫോൺ സർവീസ് ദാതാക്കളുടെ കസ്റ്റമർ കെയർ സെന്ററിൽ നിന്നെന്ന വ്യാജേന ബന്ധപ്പെടുന്ന തട്ടിപ്പുകാർ, നിലവിലുള്ള സിം കാർഡ് ഇ-സിം സംവിധാനത്തിലേക്ക് മാറാൻ നിർദേശം നൽകിയാണ് തട്ടിപ്പ് നടത്തുന്നത്. ഇ-സിം ആക്ടിവേറ്റ് ചെയ്യുന്നതോടെ സിം കാർഡിൻ്റെ പൂർണ നിയന്ത്രണം തട്ടിപ്പുകാരിലേക്കാകും.
Story Highlights: Massive cyber fraud in Thiruvananthapuram city results in loss of over 4 crore rupees in September