നിപ രോഗബാധയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിൽ 175 പേരെ സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതിൽ 74 പേർ ആരോഗ്യ പ്രവർത്തകരാണ്. 126 പേർ പ്രൈമറി കോൺടാക്ട് പട്ടികയിലും 49 പേർ സെക്കന്ററി കോൺടാക്ട് പട്ടികയിലുമാണ്.
പ്രൈമറി പട്ടികയിലുള്ള 104 പേരാണ് ഹൈ റിസ്ക് കാറ്റഗറിയിലുള്ളത്. സമ്പർക്കപ്പട്ടികയിലുള്ള 10 പേർ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. നിപ ജാഗ്രതയെ തുടർന്ന് മലപ്പുറം സർക്കാർ അതിഥി മന്ദിര കോമ്പൗണ്ടിൽ കൺട്രോൾ സെൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
മരണപ്പെട്ട 24കാരന്റെ യാത്രാ വിവരങ്ങളും സമയവും അടങ്ങിയ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. രോഗ പ്രതിരോധത്തിന്റെ ഭാഗമായി ഫീൽഡ് തലത്തിൽ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. മരണപ്പെട്ട വ്യക്തിയുടെ വീടിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ 66 ടീമുകളായി ഫീൽഡ് സർവെ ആരംഭിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി മമ്പാട് ഗ്രാമപഞ്ചായത്തിലെ 590 വീടുകളിലും വണ്ടൂരിലെ 447 വീടുകളിലും തിരുവാലിയിലെ 891 വീടുകളിലും അടക്കം ആകെ 1928 വീടുകളിൽ സർവെ നടത്തി. മമ്പാട് ഗ്രാമപഞ്ചായത്തിൽ 10, വണ്ടൂരിൽ 10, തിരുവാലിയിൽ 29 ആകെ 49 പനി കേസുകൾ സർവെയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങളിൽ ട്യൂഷൻ സെന്ററുകളും അങ്കണവാടികളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
കണ്ടെൻമെന്റ് സോണിൽ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പോലീസിന് നിർദ്ദേശം നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
Story Highlights: Nipah outbreak in Malappuram: 175 people on contact list, including 74 health workers