സെപ്റ്റംബർ 16 ന് ഐഫോണുകൾക്കായി ഏറ്റവും പുതിയ ഐഒഎസ് അപ്ഡേറ്റ് എത്തുന്നു. ഇന്ന് രാത്രി 10:30 നാണ് ഐഓഎസ് 18 ന്റെ റിലീസ്. ഒട്ടേറെ പുതിയ സവിശേഷതകളാണ് ഈ പതിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജനറേറ്റീവ് എഐ അടിസ്ഥാനമാക്കിയുള്ള ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകളാണ് പുതിയ അപ്ഡേറ്റിലെ പ്രധാന ആകർഷണം. എന്നാൽ, ആദ്യ അപ്ഡേറ്റിൽ ഈ സവിശേഷതകൾ ലഭ്യമാകില്ല. ഒക്ടോബറിൽ പുറത്തിറങ്ങുന്ന ഐഒഎസ് 18.1 പബ്ലിക് ബീറ്റാ അപ്ഡേറ്റിലാണ് ആപ്പിൾ ഇന്റലിജൻസ് ലഭ്യമാകുക.
ഐഫോണുകളിലെ ഹോം സ്ക്രീനിലും ലോക്ക്സ്ക്രീനിലും പുതിയ കസ്റ്റമൈസേഷൻ സൗകര്യങ്ങൾ, ഹോം സ്ക്രീനിൽ ആപ്പുകൾ ഇഷ്ടാനുസരണം ക്രമീകരിക്കാനുള്ള സൗകര്യം, ആപ്പ് ഐക്കണുകളുടെ നിറവും രൂപവും മാറ്റാനുള്ള ഓപ്ഷനുകൾ എന്നിവയും പുതിയ അപ്ഡേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, പുതിയ ഡിസൈനിലുള്ള കൺട്രോൾ സെന്ററും പുതിയ പാസ്വേഡ് മാനേജ്മെന്റ് ആപ്പും ഐഒഎസ് 18 ൽ ലഭ്യമാകും. ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകൾ ഉപയോഗിച്ച് ചിത്രങ്ങൾ നിർമ്മിക്കുക, സന്ദേശങ്ങളും ഇമെയിലുകളും ഉൾപ്പെടെയുള്ള എഴുത്തുകൾ കൈകാര്യം ചെയ്യുക തുടങ്ങിയ കാര്യങ്ങൾ ചെയ്യാൻ സാധിക്കും.
ഐഒഎസിൽ വരുന്ന പുതിയ സവിശേഷതകൾ എന്തെല്ലാമെന്ന് വിശദീകരിക്കുന്ന ഒരു പിഡിഎഫ് ആപ്പിൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏതൊക്കെ മാസങ്ങളിലാണ് ഒഎസ് അപ്ഡേറ്റുകൾ ഉണ്ടാകുകയെന്നും, ഓരോ അപ്ഡേറ്റിലും ഏതൊക്കെ ഫീച്ചറുകളാണ് ഫോണുകളിൽ എത്തുകയെന്നും ഇതിൽ വിശദീകരിക്കുന്നു. ഐഒഎസ് 18 നൊപ്പം മാക്ക്ഒഎസ് സെക്കോയ, വാച്ച് ഒഎസ് 11, വിഷൻ ഒഎസ് 2 എന്നിവയും സെപ്റ്റംബർ 16 ന് പുറത്തിറങ്ങും. എന്നാൽ, ടിവിഒഎസ് 18 ന്റെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
Story Highlights: Apple to release iOS 18 update for iPhones on September 16, featuring new AI-powered capabilities and customization options